തിരുവനന്തപുരം: അട്ടപ്പാടി പാക്കേജില്‍ സര്‍ക്കാരിന് പൂര്‍ണ്ണ തൃപ്തിയാണുള്ളതെന്ന് മന്ത്രി പി.കെ ജയലക്ഷ്മി. ഇക്കാര്യം സംബന്ധിച്ച് യു.ഡി.എഫില്‍ ഭിന്നതയില്ലെന്നും വി.ഡി സതീശന്റെ അഭിപ്രായത്തോടു പ്രതികരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതിയിരുന്നു. സുസ്‌ലോണ്‍ കമ്പനിയെ ആദിവാസി ഭൂമിയില്‍ കുടിയിരുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ന്യായീകരണമില്ലെന്ന് സതീശന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. ആദിവാസി ഭൂമി കൈമാറ്റം ചെയ്ത നടപടിയെ സര്‍ക്കാര്‍ ന്യായീകരിച്ചാല്‍ ഭൂമി തട്ടിയെടുക്കല്‍ വ്യാപകമാകും. സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോള്‍ എടുക്കരുത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സുസ്‌ലോണിന്റെ ഭൂമി കൈയ്യേറ്റത്തെ നിയമവിധേയമാക്കാനേ സഹായിക്കുകയുള്ളുവെന്നും സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.