കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കുന്നത് മാറ്റണമെന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.കെ ശ്രീധരന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നുച്ചയ്ക്ക് പരിഗണിക്കും.

Ads By Google

കേസില്‍ അറസ്റ്റിലായ ജയരാജന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പുതുതായി ചുമതലയേറ്റ തനിക്ക് കേസ് പഠിക്കാന്‍ സമയം വേണമെന്ന് സി.കെ ശ്രീധരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സമയം അനുവദിക്കാന്‍ കോടതി തയ്യാറായില്ല.

14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജയരാജനെ റിമാന്റ് ചെയ്തത്. ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസില്‍ ജയരാജന്‍ 38ാം പ്രതിയും രാജേഷ് 39ാം പ്രതിയുമാണ്.

അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.