കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളെ അറസ്റ്റു ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. നേതാക്കളെ അറസ്റ്റു ചെയ്യുന്നത് സി.പി.ഐ.എം കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെ അറസ്റ്റു ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയ്‌ക്കെതിരായ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. പി. മോഹനന്‍ നിരപരാധിയാണെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം മോഹനന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരീം പ്രതികരിച്ചു. കേസ് രാഷ്ട്രീയമായി വഴി തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.പി.ഐ.എമ്മിനെ കരിവാരിത്തേക്കാനാണ് അറസ്റ്റ് നടത്തിയതെന്നും കരീം പറഞ്ഞു.

യു.ഡി.എഫ് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ അന്വേഷണം നടക്കുന്നതെന്ന് മോഹനന്റെ ഭാര്യ കെ.കെ ലതിക എം.എല്‍.എ അഭിപ്രായപ്പെട്ടു. നോട്ടീസ് പോലും നല്‍കാതെ നിയമവിരുദ്ധമായാണ് അന്വേഷണസംഘം മോഹനനെ അറസ്റ്റു ചെയ്തത്. രാവിലെ യാത്രയിലായിരുന്നു മോഹനന്റെ വാഹനം തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്നും ലതിക കുറ്റപ്പെടുത്തി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മെയ് അഞ്ചിന് തന്നെ വന്‍സ്രാവുകള്‍ പിടികൂടാനുണ്ടെന്നാണ് പറഞ്ഞത്. കുറ്റവാളികള്‍ ആരൊക്കെയാവണം എന്ന് അന്നുതന്നെ നിശ്ചയിച്ച തരത്തിലായിരുന്നു ആ പ്രസ്താവന. സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അവര്‍ ആരോപിച്ചു.

അതിനിടെ, പി. മോഹനന്റെ അറസ്റ്റിനെതിരെ കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍  പ്രകടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ കൂടുതല്‍ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.