എഡിറ്റര്‍
എഡിറ്റര്‍
വിഡ്ഢിത്തം പുലമ്പരുത്: കതിരൂരുള്ള വിജീഷും പാട്യത്തുള്ള ഞാനും എങ്ങനെ അയല്‍വാസിയാവും: എം.ടി രമേശിനോട് പി.ജയരാജന്‍
എഡിറ്റര്‍
Wednesday 22nd February 2017 11:52am


എം.ടി രമേശ് കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ല.


കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ വിജീഷ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അയല്‍വാസിയാണെന്നു പറഞ്ഞ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് മറുപടിയുമായി പി. ജയരാജന്‍. കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയായ വിജീഷ് എങ്ങനെയാണ് പാട്യം പഞ്ചായത്തിലെ കോട്ടയോടി സ്വദേശിയായ തന്റെ അയല്‍വാസിയാവുന്നതെന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണമെന്നു പറഞ്ഞുകൊണ്ടാണ് ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘എം.ടി രമേശ് കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ല. ഞാന്‍ ദീര്‍ഘകാലമായി പാട്യം പഞ്ചായത്തിലെ കോട്ടയോടിയിലാണ് താമസം.

നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ അകലമുണ്ടെന്നു ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ദേഹം എന്റെ അയല്‍വാസിയാവുന്നത് എന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണം.’ പി.ജയരാജന്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു.


Also Read:സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം


 

ബി.ജെ.പി യുടെ അഖിലേന്ത്യാ നേതാവ് കൃഷ്ണദാസിന്റെ സുഹൃത്തും അടുത്ത അനുയായിയുമായ ബി.ജെ.പി യുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷ് ഏത് കേസില്‍ പ്രതിയായാണ് മാസങ്ങളായി ഒളിവില്‍ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ എം.ടി രമേശിനെ ജയരാജന്‍ വെല്ലുവിളിക്കുകയും ചെയ്തു.

ബ്ലേഡ്, കൊട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ പുറത്തു വരുന്നത് തടയാനാണ് രമേശ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ജയരാജന്‍ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച വിജീഷ് സി.പി.ഐ.എം ഗുണ്ടയാണെന്നും പി. ജയരാജന്റെ അയല്‍വാസിയാണെന്നുമായിരുന്നു എം.ടി രമേശിന്റെ ആരോപണം.

Advertisement