കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിദഗ്ധ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.

Ads By Google

എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയനാക്കുന്ന ജയരാജനെ ഹൃദ്രോഗപരിശോധനയ്ക്കും വിധേയനാക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെയാണ് ജയരാജനെ ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ തവണ വിദഗ്ധ പരിശോധനയ്ക്ക് ജയരാജനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വിവാദമായിരുന്നു.

തളിപ്പറമ്പ് അരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1നാണ് ജയരാജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. കൊലപാതകം സംബന്ധിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ് ജയരാജന് മേല്‍ ചുമത്തിയത്.

കേസില്‍ ഈ മാസം 27 വരെയാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്‌. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ തിങ്കളാഴ്ച ഹരജി പരിഗണിച്ച ഹൈക്കോടതിയും അപേക്ഷ തള്ളുകയായിരുന്നു.