എഡിറ്റര്‍
എഡിറ്റര്‍
‘സൈനികരുടെ ശവപ്പെട്ടി വാങ്ങിയതില്‍ കമ്മീഷന്‍ പറ്റിയ ബി.ജെ.പിയെ ജനം മറന്നിട്ടില്ല’; മോശം ഭക്ഷണമെന്ന് പ്രതികരിച്ച സൈനികനോട് മോദി സര്‍ക്കാര്‍ ചെയ്തതും: പി ജയരാജന്‍
എഡിറ്റര്‍
Monday 29th May 2017 9:46am

 

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നുമില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരില്‍ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ജില്ലയിലെ ഭരണം തന്നെ പട്ടാളത്തെ ഏല്പിക്കണമെന്ന ബിജെപി വാദത്തിന്റെ ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാണിക്കുകയാണ് കോടിയേരി ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു.


Also read യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ്; കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമെന്ന് രാഹുല്‍ 


കോടിയേരി ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചെന്ന പ്രചരണങ്ങളോട് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു ജയരാജന്‍. കണ്ണൂരില്‍ സൈന്യത്തെ ഇറക്കണമെന്ന് പറയുന്ന ബി.ജെ.പി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോരക്ഷാ സേനക്കാര്‍ നിരവധി പേരെ തല്ലിക്കൊന്നപ്പോള്‍ എത്ര തവണ പട്ടാളത്തെ വിളിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യന്‍ പട്ടാളം രാജ്യരക്ഷയ്ക്ക് നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ പട്ടാളം രാജ്യരക്ഷയ്ക്ക് നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ ജീവത്യാഗങ്ങള്‍ ഉണ്ടായി. ത്യാഗങ്ങളില്‍ വെച്ച മഹത്തരമാണ് ജീവത്യാഗം. ഇങ്ങനെ മഹത്തായ സേവനം നല്‍കുന്ന സൈന്യത്തെ എല്ലാവരും അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് നമ്മുടെ പട്ടാളം. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ നൂറോളം സൈനികരാണ് ജീവത്യാഗം ചെയ്തത്” ജയരാജന്‍ പറഞ്ഞു.


Dont miss ‘വിജയലക്ഷ്മി’; ശാരീരീക പരിമിതികളെ മനക്കരുത്തു കൊണ്ട് മറികടന്ന് സി.ബി.എസ്.ഇ പരീക്ഷയില്‍ ലക്ഷ്മിയുടെ പത്തരമാറ്റ് വിജയം 


എന്നാല്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേകാധികാര നിയമപ്രകാരം പട്ടാളത്തിനു ചുമതല നല്‍കുകയുണ്ടായി. അവിടങ്ങളില്‍ സിവിലിയന്മാര്‍ക്കെതിരായ സൈനിക അതിക്രമത്തിന്റെ പരാതികളും ഉയര്‍ന്നിട്ടുണ്ട്.ഉദാഹരണത്തിന് ജമ്മു കാശ്മീരിലെ കാര്യമെടുക്കാം. അവിടെ സിവിലിയന്മാര്‍ക്കെതിരായിട്ടുള്ള ഭീകരാക്രമണത്തോടൊപ്പം സൈന്യത്തിലെ ചിലരുടെ അതിക്രമങ്ങളും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്’.

‘അഫ്സ്പ നിയമം നടപ്പാക്കിയ മണിപ്പൂരില്‍ മനോരമ എന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്ത കൊന്ന സൈനികരുടെ നടപടിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഇറോം ശര്‍മിളയുടെ നിരാഹാര സമരം ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ച ഒരു സമരമായിരുന്നു. അത് മാത്രമല്ല ഇന്ത്യന്‍ സൈന്യത്തെ സമാധാന സേനയാക്കി ശ്രീലങ്കയില്‍ അയച്ചപ്പോള്‍ അവിടെ ഉണ്ടായ അതിക്രമങ്ങള്‍ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലെ യാഥാര്‍ഥ്യം അംഗീകരിക്കുന്നതിനു പകരം കമ്മ്യുണിസ്‌റുകാര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശത്രുക്കളാണെന്ന സംഘപരിവാര്‍ നുണ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല’ ജയരാജന്‍ പറഞ്ഞു.

 


Dont miss ‘ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാതിരിക്കണം’; പീഡനം തടാന്‍ സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ 


ജനാധിപത്യത്തില്‍ സൈന്യത്തിനുള്ള ഇടം എവിടെയാണെന് സുവ്യക്തമാണെന്ന് പറഞ്ഞ ജയരാജന്‍ തങ്ങള്‍ക്കെതിരായി പ്രതികരിക്കുന്ന മേഖലയിലൊക്കെ സൈന്യത്തെ വിന്യസിക്കണമെന്ന സംഘപരിവാര്‍ നിലപാടാണ് വിമര്‍ശിക്കേണ്ടതെന്നും വ്യക്തമാക്കി.

‘മരണപ്പെട്ട സൈനികരുടെ ശവപ്പെട്ടി വാങ്ങുന്നതില്‍ പോലും കമ്മീഷന്‍ പറ്റിയ പഴയ ബി.ജെ.പി ഭരണത്തെ ഇപ്പോഴും ജനം ഓര്‍ക്കുന്നുണ്ട്. മോശം ഭക്ഷണമാണ് ലഭിക്കുന്നത് എന്ന് പ്രതികരിച്ച സൈനികനോട് മോദി സര്‍ക്കാര്‍ എങ്ങനെയാണ് പെരുമാറിയാതെന്ന് നാം മറന്നിട്ടില്ല. സംഘപരിവാരത്തിനു ഇന്ത്യന്‍ സൈന്യത്തോട് ബഹുമാനമല്ല, മറിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ഉപകരണമാക്കി സൈന്യത്തെ മാറ്റാനുള്ള വ്യഗ്രതയാണെന്നും ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞാണ് ജയരാജന്‍ പോസ്റ്റ് അവസാനിക്കുന്നത്.

Advertisement