കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. എം.കെ. ദാമോദരന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.

ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ നടക്കുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Ads By Google

കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പബ്ലിക് പ്രോസിക്യുട്ടര്‍ സി.കെ ശ്രീധരന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ജയരാജനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. രണ്ട് സി.ഐ.മാരുടെ ക്വാര്‍ട്ടേഴ്‌സും ആലക്കോട് സി.ഐ.യും ആക്രമിക്കപ്പെട്ടു. കേരളത്തിലാകമാനം നൂറുകണക്കിന് അക്രമങ്ങളാണുണ്ടായത്.

ഇതും കൂടി പരിഗണിച്ച് മാത്രമേ ജയരാജന്റെ ജാമ്യ ഹരജി പരിഗണിക്കാവൂ എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ജയരാജന് കോടതി ജാമ്യം നിഷേധിച്ചത്.

തളിപ്പറമ്പ് അരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1നാണ് ജയരാജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. കൊലപാതകം സംബന്ധിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ് ജയരാജന് മേല്‍ ചുമത്തിയത്‌.