കണ്ണൂര്‍: കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റുമായ ഇ.അഹമ്മദിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍ ആരോപിച്ചു.

ഇ.അഹമ്മദിന് തീവ്രവാദബന്ധമുണ്ട്. നിരവധി തീവ്രവാദക്കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ അഹമ്മദ് ശ്രമിച്ചിട്ടുണ്ട്.ബാംഗ്ലൂര്‍ സ്‌ഫോടനം, കളമശേരി ബസ് കത്തിക്കല്‍, നായനാര്‍ വധശ്രമക്കേസ് എന്നി കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ അഹമ്മദ് ശ്രമിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുകൊടുത്തത് അഹമ്മദാണെന്നും ജയരാജന്‍ ആരോപിച്ചു. അഹമ്മദിന്റെ തീവ്രവാദബന്ധക്കെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

നേരത്തേ നാദാപുരത്തെ ബോംബുനിര്‍മ്മാണം മുസ് ലിം ലീഗിന്റെ നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. തീവ്രവാദസംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ലീഗിന് ലഭിക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു.