കണ്ണൂര്‍: സി.പി.ഐ.എം സെക്രട്ടറിയെന്ന ഉത്തരവാദിത്വം നിറവേറ്റിയതിനാണ് തന്നെ ജയിലിലടച്ചതെന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഷുക്കൂര്‍ വധക്കേസില്‍ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ ജയരാജന്‍ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

Ads By Google

വര്‍ഗീയ തീവ്രവാദികളെ എതിര്‍ക്കാന്‍ പാടില്ലെന്ന സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിന്റെ തണലില്‍ മുസ്‌ലിം ലീഗ് വര്‍ഗീയ തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്. ലീഗും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. മതേതരത്വത്തിനായി പ്രവര്‍ത്തിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് നടന്ന കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ നടക്കുന്നത്. പോലീസിന്റെ ഒറ്റുകാരായും സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാനും ചില മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ പശ്ചാത്തലസംഗീതം കേട്ട് സി.പി.എം. നേതാക്കളെ അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടി ചരിത്രം പഠിക്കണം. റബ്ബര്‍പ്പന്തുപോലെ സി.പി.ഐ.എം. തിരിച്ചുവരും ജയരാജന്‍ പറഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പ് വിജയിക്കാനുള്ള കള്ള പ്രചാരണമാണ് ഷുക്കൂര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പാര്‍ട്ടിക്കോടതിയെന്നും മൊബൈലില്‍ ഷുക്കൂറിന്റെ ഫോട്ടോയെടുത്ത് അയച്ചാണ് തിരിച്ചറിഞ്ഞതെന്നും പ്രചരിപ്പിച്ചെങ്കിലും കുറ്റപത്രത്തില്‍ ഇതൊന്നുമില്ലെന്നും ഇതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെയിറക്കുംവരെ പോരാട്ടം തുടരുമെന്നും കോടിയേരി പറഞ്ഞു.