എഡിറ്റര്‍
എഡിറ്റര്‍
പ്രണയത്തില്‍ ഗാനം ഉള്‍പ്പെടുത്താത്തതിനെതിരെ പി. ജയചന്ദ്രന്‍
എഡിറ്റര്‍
Friday 7th September 2012 11:46am

കൊച്ചി: പ്രണയം എന്ന ചിത്രത്തില്‍ താന്‍ ആലപിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഗായകന്‍ പി. ജയചന്ദ്രന്‍. താന്‍ പാടിയ പല നല്ല പാട്ടുകളും ചിത്രീകരിക്കാതെ നശിപ്പിച്ചിട്ടുണ്ടെന്നും ജയചന്ദ്രന്‍ വെളിപ്പെടുത്തി. മൈ ബോസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലാണ് ജയചന്ദ്രന്റെ വെളിപ്പെടുത്തല്‍.

Ads By Google

പ്രണയത്തിലെ ‘പാട്ടില്‍ ഈ പാട്ടില്‍’ എന്ന ഗാനം ജയചന്ദ്രന്‍ ആലപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ രണ്ടുവരിമാത്രമാണ് സിനിമയില്‍ ഉപയോഗിച്ചത്. ഇതിനെതിരെയാണ് ജയചന്ദ്രന്‍ മുന്നോട്ടുവന്നത്.

പ്രണയത്തില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച ഇതേ ഗാനം മുഴുവനായി ഉപയോഗിച്ചപ്പോള്‍ തന്റെ ഗാനം രണ്ട് വരി മാത്രമാണ് ഉപയോഗിച്ചത്. പിന്നെ എന്തിനാണ് തന്നെക്കൊണ്ട് പാടിച്ചതെന്ന് ജയചന്ദ്രന്‍ ചോദിച്ചു. സിനിമയില്‍ ഉള്‍പ്പെടുത്താത്ത ഗാനം പാടാന്‍ ഇനി മുതല്‍ തന്നെ ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകനും സംഗീതസംവിധായകനും ആവശ്യപ്പെട്ടാല്‍ പൂര്‍ണതയ്ക്കായി എത്രവട്ടം വേണമെങ്കിലും പാടാന്‍ തയ്യാറാകാറുണ്ട്. പല തവണ പാടിച്ചാണ് ഒരു ഗാനം മനോഹരമായി പുറത്തുവരുന്നത്. സിനിമയില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തന്നെപ്പോലുള്ള പ്രായമായ ഗായകരെ കഷ്ടപ്പെടുത്തേണ്ടതില്ലെന്നും ജയചന്ദ്രന്‍ തുറന്നടിച്ചു. ഒന്നോ രണ്ടോ വരി മാത്രം നല്‍കുന്നത് വൃത്തികേടാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

പഴയ ഗാനങ്ങള്‍ ഒരുവരി പോലും കളയാതെ പിക്ചറൈസ് ചെയ്തതുകൊണ്ടാണ് ചെവിയില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്നത്. ഒരു പാട്ടിനിടയില്‍ അനേകം ഷോട്ടുകള്‍ കാണിച്ചാല്‍ ഷോട്ടുകള്‍ മാത്രമേ കാണൂ, പാട്ട് ചെവിയില്‍ ഉണ്ടാവില്ല. വളരെ കുറച്ച് പാട്ടുകളേ പാടിയിട്ടുള്ളുവെങ്കിലും ഗായകന്‍ ബ്രഹ്മാനന്ദന് അര്‍ഹിക്കുന്ന അംഗീകാരം കേരളം നല്‍കാത്തതില്‍ ദുഖമുണ്ടെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ബ്രഹ്മാനന്ദന്റെ കുടുംബത്തെ സഹായിക്കാനായി താന്‍ ഒരു പരിപാടി നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മമതയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ ബോസ്.

Advertisement