എഡിറ്റര്‍
എഡിറ്റര്‍
പി. ജയരാജന്‍ റിമാന്റില്‍
എഡിറ്റര്‍
Wednesday 1st August 2012 1:50pm

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരായ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads By Google

അറസ്റ്റ് ചെയ്ത ജയരാജനെ അന്വേഷണ സംഘം കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തുകൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ ഉത്തരവിട്ടു. ഐ.പി.സി 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരുന്നുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

അന്വേഷണ സംഘം  കോടതി മുമ്പാകെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ജയരാജന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചില്ല. ഹൃദ്രോഗിയാണെന്നും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ വ്യക്തിയാണെന്നും ജയരാജന് മജിസ്‌ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചു. ഇതനുസരിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയരാജന് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം എം.വി ഗോവിന്ദര്‍മാസ്റ്റര്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചര്‍, ജയിംസ് മാത്യു, എം.വി ജയരാജന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കൊപ്പമാണ് ജയരാജന്‍ ചോദ്യം ചെയ്യലിനായെത്തിയത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ജയരാജനൊപ്പമുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുതവണ ജയരാജനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ടി.വി രാജേഷ് എം.എല്‍.എയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ രണ്ടുപേരുടെയും മൊഴികളില്‍ വന്ന വൈരുധ്യമാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

കേസന്വേഷണം അതിന്റെ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞദിവസം എസ്.പി രാഹുല്‍ ആര്‍. നായര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതോടെ ജയരാജന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന സൂചനയുണ്ടായിരുന്നു. അറസ്റ്റുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള തയ്യാറെടുപ്പുകളോട് കൂടിയായിരുന്നു ജയരാജന്റെ വരവും.

അതിനിടെ ജയരാജനെ അറസ്റ്റ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സി.ഐ ഓഫീസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എന്നാല്‍ ജയരാജനെ അറസ്റ്റ് ചെയ്തശേഷം കോടതിയിലേക്ക് കൊണ്ടുപോകുന്ന പോലീസ് വാഹനത്തിനുനേരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. എസ്.പിയുടെ വാഹനത്തിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകനുനേരെ കയ്യേറ്റശ്രമവുമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ജയരാജന്റെ അറസ്റ്റിനെ കര്‍ശനമായി നേരിടുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍ അറിയിച്ചിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും മറ്റിടങ്ങളിലും പോലീസ് സര്‍ക്കാര്‍ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറും. വൈകുന്നേരം കണ്ണൂര്‍ സി.ഐ ഓഫീസ് ലക്ഷ്യമിട്ട് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.ഐ.എം നേതൃത്വം തയ്യാറെടുത്തിരിക്കുന്നത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഉയര്‍ത്തിയാവും അറസ്റ്റിനെ സി.പി.ഐ.എം പ്രതിരോധിക്കുക.

ജയരാജനെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 20നാണ് തളിപ്പറമ്പ് അരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍  പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിന്  തൊട്ടുപിന്നാലെയായിരുന്നു ഷൂക്കൂറിന്റെ കൊലപാതകം.

 

 

Advertisement