ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം പി.ജെ തോമസ് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി വിമര്‍ശനത്തെത്തുടര്‍ന്നാണ് രാജിവക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം തോമസ് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെടുത്ത തീരുമാനപ്രകാരമാണ് രാജിവെക്കുന്നത് എന്നാണ് സൂചന

സുപ്രീകോടതി നിര്‍ദേശം അനുസരിച്ച് തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായ ഒരാള്‍ക്ക് എങ്ങനെ വിജിലന്‍സ് കമ്മീഷണര്‍ ആകാന്‍ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആരോപണവിധേയനായ തോമസ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുവരുമ്പോള്‍ പാമോയില്‍ കേസിന്റെ ഭാവി എന്താകുമെന്ന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോകസഭാ പ്രതിപക്ഷനേതാവും അടങ്ങുന്ന സംഘമാണ് കേന്ദ്രവിജിലന്‍സ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തോമസിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനെ സുഷമാ സ്വരാജ് എതിര്‍ത്തിരുന്നു. 2ഏ സ്‌പെക്ട്രം അഴിമതി മറക്കാനാണ് തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയത് എന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു.