ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പി ജെ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സീല്‍ ചെയ്ത കവറില്‍ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ പി ജെ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചില നിരീക്ഷണങ്ങള്‍ നടത്തി. അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായ ഒരാള്‍ക്ക് എങ്ങിനെ വിജിലന്‍സ് കമ്മീഷണര്‍ ആകാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു.

ആരോപണവിധേയനായ തോമസ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുവരുമ്പോള്‍ പാമോയില്‍ കേസിന്റെ ഭാവി എന്താകുമെന്ന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പി ജെ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിവാദമായ പാമോയില്‍കേസില്‍ ആരോപണവിധേയനായ ആളാണ് പി ജെ തോമസ്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോകസഭാ പ്രതിപക്ഷനേതാവും അടങ്ങുന്ന സംഘമാണ് കേന്ദ്രവിജിലന്‍സ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തോമസിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനെ സുഷമാ സ്വരാജ് എതിര്‍ത്തിരുന്നു. 2ഏ സ്‌പെക്ട്രം അഴിമതി മറക്കാനാണ് തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കിയത് എന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു.