എഡിറ്റര്‍
എഡിറ്റര്‍
ആരോപണം നിര്‍ഭാഗ്യകരം; കുര്യനെ പിന്തുണച്ച് മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 2nd February 2013 11:10am

തിരുവനന്തപുരം: സൂര്യനെല്ലികേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്ത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുതിയതല്ല. കുര്യനെതിരെയുള്ള ആരോപണം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. 17 വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തത്. എന്നാല്‍ പുതിയ ഏതോ കാര്യം പോലെയാണ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.

Ads By Google

ഒന്നുമില്ലാത്ത കാര്യം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ആരോപണവിധേയനായ ആള്‍ കുറ്റക്കാരനാണോയെന്നാണ് നോക്കേണ്ടത്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കലര്‍ത്താനല്ല. ഇത് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുര്യന്‍ തെറ്റുകാരനല്ലെന്ന് അന്വേഷണ സംഘവും പിന്നീട് കോടതിയും കണ്ടെത്തിതാണ്. കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയിട്ടില്ല.

കോടതി നിരപരാധിയെന്ന് കണ്ടെത്തിയ ആളെ കടന്നാക്രമിക്കുന്നത് ശരിയല്ല. കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. ആന്റണിയുടെ കാലത്താണ് പ്രതികളെ അറസ്റ്റുചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നായനാര്‍ ഭരണകാലത്ത് നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെ മാറ്റിയിട്ടില്ല. നായനാരും അച്യുതാനന്ദനും നോക്കിയിട്ട് കാണാത്തത് ഇനി താനും നോക്കണോ.

കഴിഞ്ഞ സര്‍ക്കാര്‍ എന്ത് കൊണ്ട് കുര്യനെതിരെ കേസെടുത്തില്ല, എന്തുകൊണ്ട് ആ സര്‍ക്കാര്‍ കേസില്‍ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

മൂന്ന് അന്വേഷണങ്ങളാണ് ഇടതുസര്‍ക്കാര്‍ കേസില്‍ നടത്തിയത്. എന്നാല്‍ ആന്റണി സര്‍ക്കാറിന്റെ കാലത്ത് കണ്ടെത്തിയ പ്രതിക്കപ്പുറം ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സുരേഷ് കുറുപ്പിന്റെ സഹോദരന്‍ ആണ് ഗോപാലകൃഷ്ണക്കുറുപ്പ്. കേസില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടാണ് ഇടതുനേതാക്കള്‍ ആദ്യം ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റിയിട്ടുണ്ട്. ഒരു ഘട്ടത്തിലും വീഴ്ച വന്നതായി ആര്‍ക്കും ബോധ്യപ്പെടുത്താനായിട്ടില്ല. പിന്നീട് മൂന്നോ നാലോ മാസം കഴിഞ്ഞ് തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുകയായിരുന്നു.

വി.എസ് ആയിരുന്നു തുടര്‍ന്നു വന്നത്. എന്നാല്‍ വി.എസ് 5 കൊല്ലം ഇരുന്നിട്ട് ഒന്നും ചെയ്തില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോഷ്വായുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതിരുന്ന മുഖ്യന്‍ സിബി മാത്യൂസും ജോഷ്വായും തമ്മില്‍ പ്രശ്‌നമുണ്ടെന്നും ജോഷ്വായുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും പറഞ്ഞു.

Advertisement