തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ തീരുമാനിച്ചു. പി.ജെ കുര്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സോണിയ ഗാന്ധി അംഗീകാരം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മൂന്നാം തവണയാണ് പി.ജെ കുര്യന്‍ രാജ്യസഭയിലെത്തുന്നത്. കുര്യന് വീണ്ടും അവസരം നല്‍കുന്നതില്‍ കെ.പി.സി.സി നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ രാജ്യസഭ നിയന്ത്രിക്കാറുള്ള കുര്യന്റെ മികച്ച പ്രകടനം കണക്കിലെടുത്ത്് ഹൈകമാന്റ് അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നു.

അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പി.ജെ കുര്യന് പകരം ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരെ പരിഗണിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

കെ.ഇ. ഇസ്മയില്‍, പി.ആര്‍.രാജന്‍ എന്നീ എല്‍.ഡി.എഫ് അംഗങ്ങളുടെയും കോണ്‍ഗ്രസിലെ പ്രൊഫ. പി.ജെ. കുര്യന്റെയും സീറ്റുകളാണ് ഒഴിയുന്നത്. എന്നാല്‍ നിലവിലുള്ള നിയമസഭയുടെ അംഗബലമനുസരിച്ച് രണ്ടംഗങ്ങളെ ഭരണപക്ഷത്തിന് വിജയിപ്പിക്കാനാകും. ഒരു സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും.

യു.ഡി.എഫിന് ലഭിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിനും ഒന്ന് കേരളാ കോണ്‍ഗ്രസിനുമാണ്. കേരളാ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥിയായി മുന്‍ എം.എല്‍.എ ജോയി ഏബ്രഹാമിനെ പ്രഖ്യാപിച്ചിരുന്നു.