എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജിനെ മാറ്റണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്
എഡിറ്റര്‍
Wednesday 27th November 2013 9:31pm

george1

തിരുവനന്തപുരം:പി.സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്.  ജോര്‍ജിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉപസമിതിയിലാണ് തീരുമാനം.

അതേ സമയം പി.സി ജോര്‍ജിനെ മാറ്റണമെന്ന പി.ജെ ജോസഫിന്റെ നിലപാട് പ്രായോഗികമല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന്  കേരള കോണ്‍ഗ്രസ് എം മൂന്നംഗസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു.

പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച തുടരുമെന്നും കെ.എം മാണി വ്യക്തമാക്കി.

നവംബര്‍ 19 ന് പി.സി ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മൂന്നംഗസമിതി യോഗം മാറ്റിവച്ചിരുന്നു.  ജോര്‍ജിനെതിരെ നടപടിയെടുക്കില്ലെന്ന് മാണി നിലപാടെടുത്ത പശ്ചാത്തലത്തില്‍ സമിതി ചേരുന്നതില്‍ പ്രസക്തിയില്ലെന്ന് അറിയിച്ചാണ് ജോസഫ് വിഭാഗം അന്ന് യോഗത്തില്‍ നിന്നും പിന്‍മാറിയത്

എറണാകുളത്ത് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ജോര്‍ജിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചത്.

മുന്നണി സംവിധാനത്തിന് വിപരീതമായി ബാധിക്കും വിധത്തില്‍ പി.സി ജോര്‍ജ് തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

Advertisement