എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: മന്ത്രിസഭായോഗത്തില്‍ നിന്ന് പി.ജെ ജോസഫ് വിട്ടുനിന്നു, പ്രതിഷേധമല്ലെന്ന് മാണി
എഡിറ്റര്‍
Wednesday 5th March 2014 1:32pm

pj-joseph

തിരുവന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ യു.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് പി.ജെ ജോസഫ് വിട്ടുനിന്നു. അതിനിടെ ജോസഫ് വിഭാഗം ആന്റണി രാജുവിന്റെ വീട്ടില്‍ യോഗം ചേരുകയും ചെയ്തു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഓഫീസ് മെമ്മോറാണ്ടം അപര്യാപ്തമാണെന്നും കരട് വിജ്ഞാപനം ഉടന്‍ വരുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും  പി.ജെ. ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ പി.ജെ. ജാസഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും പ്രതിഷേധം കാരണമെല്ലെന്നും കെ.എം. മാണി പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് ഒന്നേയുള്ളൂവെന്ന് പറഞ്ഞ മാണി ഞങ്ങള്‍ എല്ലായ്‌പ്പോഴും കര്‍ഷകര്‍ക്കൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഓഫീസ് മെമ്മോറാണ്ടം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

നാളെ ചേരുന്ന കേരളകോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേ സമയം കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പി.ജെ.ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Advertisement