എഡിറ്റര്‍
എഡിറ്റര്‍
ഇടതും വലതുമല്ലാത്ത ‘ആപി’ന്റെ പ്രത്യയശാസ്ത്രാനന്തര രാഷ്ട്രീയം
എഡിറ്റര്‍
Friday 14th March 2014 4:42pm

സര്‍ക്കാര്‍ ഭരിച്ചാല്‍ മാത്രം മതിയെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും കെജ്‌രിവാള്‍ പറയുമ്പോള്‍ താച്ചറിസത്തിലൂടെയും റീഗണോമിക്‌സിലൂടെയും മന്‍മോഹണോമിക്‌സിലൂടെയും മുന്നോട്ടുവയ്ക്കപ്പെട്ട സര്‍വ്വതന്ത്ര സ്വതന്ത്ര മുതലാളിത്തത്തിന്റെ അഥവാ നവഉദാരീകരണത്തിന്റെ വക്താവു തന്നെയായി അദ്ദേഹം മാറുകയാണ്.


aam-addmi

line

എസ്സേയ്‌സ്‌ / പി.ജെ.ജെയിംസ്

line

ആപി(ആം ആദ്മി പാര്‍ട്ടി)ന്റെ അംഗബലം അത് ലക്ഷ്യമിട്ടതുപോലെ 2014 ജനുവരി 26ന് ഒരു കോടിയോളമായി വര്‍ദ്ധിക്കുകയുണ്ടായി.

ആപിന്റെ ഗ്രാഫ് ഉച്ഛസ്ഥായിയിലായിരുന്ന ജനുവരി മധ്യത്തിലെ കണക്കുകൂട്ടല്‍ 16-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് ഏകദേശം 400 സീറ്റുകളില്‍ മത്സരിക്കുമെന്നും 100-ഓളം സീറ്റുകളില്‍ വിജയിക്കുമെന്നുമായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങളുടെ ഫലമായി താഴേക്കുപോയ അതിന്റെ ക്രെഡിറ്റ് റേറ്റിങ്ങ് ജന്‍ ലോക്പാല്‍ ബില്ലിന്റെ പേരില്‍ കെജ്‌രിവാള്‍ രാജി വെച്ചതോടെ വീണ്ടും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

കാശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തെയും കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പട്ടാളവാഴ്ചയെയും സംബന്ധിച്ചും വംശീയ-ജാതീയ പ്രശ്‌നങ്ങളിലും സ്ത്രീകളോടുള്ള സമീപനത്തിലും ജനാധിപത്യവിരുദ്ധവും പ്രതിലോമപരവും സവര്‍ണഹിന്ദുത്വാനുകൂലപരവുമായ നിലപാടുകളുടെ പേരില്‍ മര്‍ദ്ദിതജനതകളില്‍നിന്നും അകന്ന ആപിനെ കൈവിടാന്‍ തയ്യാറാകാതിരുന്ന കോര്‍പ്പറേറ്റ് മീഡിയ പക്ഷെ ഡല്‍ഹിയിലെ പോലീസിന്റെ മേലുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്ലാഘനീയമായ നിലപാടെടുത്ത കെജ്‌രിവാളിനെ അരാജകവാദിയെന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയാണുണ്ടായത്.

ഒടുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ റിലയന്‍സിനും അതിന്റെ കങ്കാണിയായ വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുത്തതോടെ കോര്‍പ്പറേറ്റ് മീഡിയ ആപില്‍നിന്നും അകലം സൂക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ഭരണകൂടത്തെ വരുതിയിലാക്കി രാജ്യസമ്പത്ത് ഒറ്റക്ക് അടിച്ചുമാറ്റുന്ന മുകേഷ് അംബാനിയോട് അസൂയയുള്ള കോര്‍പ്പറേറ്റുകളില്‍ ഒരു വിഭാഗം കെജ്‌രിവാളിനൊപ്പമുണ്ട്. ഇക്കൂട്ടരാണ് ഈയിടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രിയുടെ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്.

ദല്‍ഹിക്കു പുറത്ത് മധ്യവര്‍ഗ്ഗ പ്രൊഫഷണലുകള്‍ താരതമ്യേന കൂടുതലുള്ള മുംബൈ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളൊഴിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ആപ് കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്ന ധാരണയ്ക്ക് കെജ്‌രിവാളിന്റെ രാജിയോടെ വീണ്ടും ഇളക്കം തട്ടിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സീറ്റൊന്നും നേടിയില്ലെങ്കില്‍പോലും മത്സരിക്കുന്നിടങ്ങളില്‍ അരലക്ഷം വോട്ടിനുമുകളില്‍ പിടിക്കാനായാല്‍ അത് ആപിന്റെ നേട്ടമായിരിക്കുമെന്നാണ് അതിന്റെ അഭ്യുദയകാംക്ഷികളുടെതന്നെ വിലയിരുത്തല്‍.

ഏതായാലും 100 കോടി രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്ന ഒരു തെരഞ്ഞെടുപ്പു കാമ്പയിനാണ് ആപ് ലക്ഷ്യമിടുന്നത്. 1000 കോടി വാരിയെറിയാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും അപേക്ഷിച്ച് ഇതൊരു ചെറിയ തുകയാണ്.

മധ്യവര്‍ഗ്ഗസമൂഹമായി കൊണ്ടാടപ്പെടുന്ന കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ആപിന്റെ ഗ്രാഫ് ഉയര്‍ന്നുനിന്ന ജനുവരി മാസം രണ്ടാമതൊന്നാലോചിക്കാതെ അതിലേക്ക് എടുത്തുചാടിയ ഭാഗ്യാന്വേഷികള്‍ ആപ്പിലായെന്നു കരുതുമ്പോഴാണ് കെജ്‌രിവാളിന്റെ രാജിയും സ്ഥിതി മെച്ചപ്പെടലും ഉണ്ടായിരിക്കുന്നത്. അതിനു കളമൊരുക്കിയ കൈ നനയാതെ മീന്‍ പിടിക്കുന്ന സൂത്രധാരന്‍മാരാകട്ടെ ആരംഭത്തിലുണ്ടായിരുന്ന ആവേശമൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല.

അതിനു കളമൊരുക്കിയ കൈ നനയാതെ മീന്‍ പിടിക്കുന്ന സൂത്രധാരന്‍മാരാകട്ടെ ആരംഭത്തിലുണ്ടായിരുന്ന ആവേശമൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല.

ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ആപിന്റെ പരിപാടി തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട 31 കമ്മിറ്റികള്‍ ഫെബ്രുവരി മധ്യത്തോടെ അതിന് അന്തിമരൂപം നല്‍കുമെന്നായിരുന്നു. ഈ സാഹചര്യത്തില്‍ ആപ് പരിപാടി പ്രഖ്യാപിക്കപ്പെടുമ്പോള്‍ മൂര്‍ത്തമായ വിശകലനങ്ങള്‍ ആകാമെന്ന ധാരണയോടെയാണ് പ്രാഥമികമായ ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സ്വകാര്യസ്വത്തു സമാഹരണവുമായി ബന്ധപ്പെട്ട ചൂഷണാധിഷ്ഠിത വ്യവസ്ഥയെ മാറ്റുകയെന്ന അടിസ്ഥാന നിലപാടുകളൊന്നും ഇല്ലെങ്കില്‍ കൂടി, നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കും ഭരണവ്യവസ്ഥക്കും ഉള്ളില്‍നിന്നുകൊണ്ട് അഴിമതി പോലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അതിന്റെയടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കാശ്വാസമെത്തിക്കാനും കഴിയുന്ന പ്രവര്‍ത്തനമണ്ഡലം സാധ്യമാക്കിയതാണ് ആപിന്റെ വിജയം.

നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് കുടിവെള്ള വിതരണത്തിന്റെയും വൈദ്യുതി കണക്ഷനുകളുടെയും കാര്യത്തില്‍ കെജ്‌രിവാളും സുഹൃത്തുക്കളും കൈക്കൊണ്ട നടപടികള്‍ തികച്ചും ശ്ലാഘനീയമാണ്. എന്നാലതേസമയം, പൈപ് കണക്ഷനും വൈദ്യുതി ബന്ധങ്ങളും ഇല്ലാത്ത ചേരികളിലും ചാളകളിലും കഴിയുന്ന ദല്‍ഹിയിലെ മൂന്നിലൊന്നു വരുന്ന പാര്‍ശ്വവല്‍കൃതരും മര്‍ദ്ദിതരുമായ ജനങ്ങളും വംശീയ ന്യൂനപക്ഷങ്ങളും താഴ്ന്ന ജാതിക്കാരുമെല്ലാം ഈ ജനപ്രിയ പദ്ധതിക്കു പുറത്താണ്.

അടുത്തപേജില്‍ തുടരുന്നു

Advertisement