കുവൈറ്റ്: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.

17 മാസങ്ങള്‍ക്ക് മുന്‍പ് ആന്റണി പറഞ്ഞിരുന്നത് എല്‍.ഡി.എഫിന്റേത് ദുര്‍ഭരണമാണെന്നും അതില്‍ നിന്നും കേരളത്തിലെ ജനങ്ങളെ എത്രയും വേഗം രക്ഷിച്ചെടുക്കണമെന്നുമായിരുന്നു.

Ads By Google

അന്ന് ഇടതുപക്ഷത്തിന്റെ എല്ലാ നയങ്ങളേയും നിശിതമായി വിമര്‍ശിച്ച ആന്റണിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മനംമാറ്റം ഉണ്ടായതെന്ന് അറിയില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

കുവൈറ്റിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രഹ്മോസ് യൂണിറ്റിലെ തൊഴിലാളി സമരമായിരുന്നു ആന്റണിയെ പ്രകോപിപ്പിച്ചതെങ്കില്‍ അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനേറ്റ കനത്ത പ്രഹരമാണ്.

കാരണം എല്‍.ഡി.എഫ് ഭരണകാലത്ത് അവിടെ സമരം അനുവദിച്ചിരുന്നില്ല. അത് എളമരം കരിമിന്റെയും വി.എസ്.അച്യുതാനന്ദന്റെയും തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ തെളിവുകൂടിയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഇനി വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വേണ്ടി ആന്റണി കേരളത്തില്‍ എത്തുമല്ലോ, അന്ന് എന്ത് പറഞ്ഞാണ് ജനങ്ങളെ സമീപിക്കാന്‍ പോകുന്നതെന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്ന് പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയായിരുന്നു യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം.

2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്താന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എനിക്കറിയുന്ന എല്ലാ നല്ല വാക്കുകളും ഉപയോഗിച്ച് ഞാനദ്ദേഹത്തെ പുകഴ്ത്തുകയാണെന്നും ആന്റണി പറഞ്ഞു.