Administrator
Administrator
പി. ഗോവിന്ദപിള്ള അന്തരിച്ചു
Administrator
Friday 23rd November 2012 12:30pm

P Govindapillaiതിരുവനന്തപുരം: പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള (86) അന്തരിച്ചു.  വ്യാഴാഴ്ച രാത്രി 11.15 ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവംബര്‍ 14 നായിരുന്നു പി.ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

രാത്രി ഒരുമണിയോടെ മൃതദേഹം തിരുവനന്തപുരത്തെ പെരുന്താന്നിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഭൗതികശരീരം രാവിലെ 11 മണിമുതല്‍ 12 മണിവരെ പി.ജിയുടെ കര്‍മ്മമണ്ഡലമായ എ.കെ.ജി സെന്ററിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് 12 മുതല്‍ 4 മണിവരെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം.

മലയാളികള്‍ക്ക് ലോകരാഷ്ട്രീയത്തിലെ ചലനങ്ങള്‍ പറഞ്ഞുകൊടുത്ത പി.ജി പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മെയ് 25 നായിരുന്നു ജനിച്ചത്. പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി സമ്പന്നകുടുംബത്തിലായിരുന്നു പി.ജിയുടെ ജനനം. നിലപാടുകള്‍ തുറന്ന് പറഞ്ഞതിനാല്‍ പാര്‍ട്ടി നടപടികള്‍ നേരിട്ട പി.ജി അവസാനം വരെ വഴിമാറി നടക്കാതെ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. സൈലന്റ്‌വാലി പ്രശ്‌നത്തിലും ടിയാനന്‍ മെന്‍സ്‌ക്വയര്‍ പ്രശ്‌നത്തിലും പാര്‍ട്ടി ഔദ്യോഗിക നിലപാടിനോട്  വിയോജിച്ചിരുന്നു. അതിന് ശേഷം ഭാഷാ പോഷിണിയില്‍ സണ്ണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.

സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സി.പി.ഐ.എമ്മും സി.ഐ.ടി.യു ലോബിയും ജലവൈദ്യുത പദ്ധതിക്ക് അനുകൂലമായ നിലപാട് എടുത്തപ്പോഴും പി.ജിക്ക് ഇടപെടാതിരിക്കാനായില്ല. മുഖപത്രത്തില്‍ ലേഖനം എഴുതിയും സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് പറഞ്ഞാലും പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. പക്ഷേ ഒടുവില്‍ പാര്‍ട്ടിക്കും പൊതു സമൂഹത്തിന്റെ നിലപാടിലേക്ക് വരേണ്ടി വന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പി.ജിയെ പത്രാധിക സ്ഥാനത്ത് നിന്ന് മാറ്റിയതായി ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും അറിയിക്കുകയായിരുന്നു.

പിന്നീടാണ് ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവം. അതിനെതിരെയും പി.ജി അഭിപ്രായം തുറന്ന് പറഞ്ഞു. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.

2003 ല്‍ ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഘടനാ സൈദ്ധാന്തിക തലത്തില്‍ ഇ.എം.എസിനെ നിര്‍വചിച്ചത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. അത് ഇപ്രകാരമായിരുന്നു, സ്റ്റാലിന്‍ മരിച്ച ശേഷം ആ കഴിവും പ്രാപ്തിയും ഉള്ളവര്‍ പിന്നീട് ഇല്ലായിരുന്നു. കാരണം സ്റ്റാലിന്‍ അവരെയൊക്കെ കൊന്നു. ഇ.എം.എസിന് കൊല്ലാന്‍ കഴിഞ്ഞില്ല.

നിസ്‌തേജരാക്കി ആരും ഇല്ലാത്ത പാര്‍ട്ടിയിലേക്ക്( സി.പി.ഐ) വിട്ടു. ഒറിജിനലായിട്ടുള്ള ചിന്ത ഇ.എം.എസില്‍ നിന്നുണ്ടായിട്ടില്ലെന്നും ബസവ പുന്നയെപ്പോലെ ഉള്‍ക്കാഴ്ചയില്ലായിരുന്നുവെന്നും ഇ.എം.എസിനോട് വിമര്‍ശങ്ങള്‍ ഉള്ള ഒരാളാണ് താനെന്നും പി.ഗോവിന്ദ പിള്ള പറഞ്ഞതിനെതിരെ നടപടി വേണ്ടെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സമിതിയുടെ നിലപാട്. സംസ്ഥാന സമിതിയില്‍ മാപ്പ് പറയുകയും ശാസന ഏറ്റുവാങ്ങിയെങ്കിലും പിന്നീട് സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിക്കൊണ്ടായിരുന്നു പാര്‍ട്ടി നടപടി അവസാനിപ്പിച്ചത്.

പാര്‍ട്ടിയില്‍ സൈദ്ധാന്തികനായ ആശയപ്രചരണത്തിന്റെ ഭാഗമായി പാര്‍ട്ടി പത്രത്തിന്റെയും വാരികയുടെയും പത്രാധിപരായ 1964 മുതല്‍ 1982 വരെ ഈ സ്ഥിതി തുടരുകയായിരുന്നു. ആ സമയത്താണ് ലോകരാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് പി.ജി കോളങ്ങള്‍ തുടങ്ങിയത്. ഇത് പിന്നീട് കൈരളിയില്‍ പി.ജിയും ലോകവും എന്ന പേരില്‍ ലോകരാഷ്ട്രീയത്തെയും സംഭവികാസങ്ങളെയും വിശകലനം ചെയ്യുന്നതിലേക്ക് വരെ നീണ്ടു.

വായിച്ചുമടുക്കാത്ത മഹാനായ വായനക്കാരന്‍ വിടപറയുമ്പോള്‍ അറിവിന്റെയും അനുഭവത്തിന്റെയും വലിയ ഒരു അധ്യായമാണ് ഇല്ലാതായിരിക്കുന്നത്. യൗവ്വനത്തില്‍ സന്യാസത്തിന്റെ വഴിയെ നടന്ന പി.ജി ആഗമാനന്ദ സ്വാമികളുടെ ശിഷ്യനായി ദീര്‍ഘകാലം കാലടി ശങ്കരാശ്രമത്തിലായിരുന്നു. പഠനകാലത്ത് രാഷ്ട്രീയത്തില്‍ തല്‍പരനായിരുന്ന അദ്ദേഹത്തിന് ഗാന്ധിമാര്‍ഗ്ഗത്തിലായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായ പി.ജി 1946 ലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വരുന്നത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന സമയത്ത് സി.പി.ഐ.എമ്മിലായിരുന്നു പി.ജി നിലയുറപ്പിച്ചത്. ആശയപ്രചരണത്തിനായി ഇ.എം.എസിനോടൊപ്പം സംയുക്തമായി പുസ്തകങ്ങള്‍ എഴുതുകയും അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകനെ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് സുപരിചിതനാക്കി തീര്‍ത്തത് ഇരുവരുടെയും യോജിച്ച പ്രവര്‍ത്തനമായിരുന്നു.

പുതിയ ചിന്തകരെയും ആശയങ്ങളെയും പരിചയപ്പെടുത്തുമ്പോള്‍ തന്നെ ‘സ്‌നിഗ്ദ്ധനായ ചിന്തകന്‍ വരിഷ്ഠനായ വിപ്ലവകാരി’ എന്ന പേരില്‍ എങ്കല്‍സിന്റെ ജീവിതത്തെ കുറിച്ചും ചിന്തകളെക്കുറിച്ചും വിശദമായ ഒരു കൃതിയും അവസാനകാലത്ത് പി.ജി എഴുതുകയുണ്ടായി. ‘വൈജ്ഞാനിക വിപ്ലവം  ഒരു സാംസ്‌കാരികചരിത്രം’ ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങളും അദ്ദേഹത്തിന്റെ പേരിലായിട്ടുണ്ട്.

പുല്ലുവഴി കീഴില്ലം കുറുപ്പുപ്പടി സ്‌കൂളിലാണ് വിദ്യാഭ്യാസം. പി.ജി ആലുവ യു.സി. കോളേജിലും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലുമായാണ് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും എം.പി. പോളിന്റെയും പ്രിയശിഷ്യരില്‍ ഒരാളായിരുന്നു പി.ജി.

സെന്റ് സേവ്യേഴ്‌സില്‍ പി.കെ.വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം.എം. ചെറിയാന്‍, കെ.സി. മാത്യു തുടങ്ങി പ്രഗല്‍ഭരായ നിര തന്നെ വിദ്യാര്‍ത്ഥികളായുണ്ടായിരുന്നു. ട്രേഡ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രം എന്നറിയപ്പെട്ടിരുന്ന മുംബൈയില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടനാവുന്നത്. പാര്‍ട്ടിയിലേക്ക് വരാന്‍ മടിച്ച പി.ജി മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനെത്തിയ പി.കൃഷ്ണപിള്ളയുടെ സംസാരമാണ് പി.കെ.വിയോടും മലയാറ്റൂരിനോടും ഒപ്പം 1946ല്‍ പാര്‍ട്ടിയിലേക്ക് വരുന്നത്.

സെന്റ് സേവ്യേഴ്‌സില്‍ പഠിക്കുന്ന കാലത്ത് പോലീസുമായി ഏറ്റുമുട്ടി കേസില്‍പെട്ട് ഒന്നരവര്‍ഷം പുനെ  ഏര്‍വാഡ ജയിലില്‍ തടവ് ശിക്ഷയനുഭവിച്ചിരുന്നു. 1952-ല്‍ സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമായി പി.ജി തിരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു പി.ജി. 1954-55ല്‍ പാര്‍ട്ടിപ്രസിദ്ധീകരണമായ ‘ന്യൂ ഏജില്‍’ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പി.ജി.യെ ദല്‍ഹിയില്‍ കേന്ദ്രകമ്മിറ്റിയുടെ കീഴിലേക്ക് അയച്ചു. ന്യൂ ഏജിലുള്ള പ്രവര്‍ത്തനപരിചയമാണ് 1964 മുതല്‍ ദേശാഭിമാനിയുടെ ചുമതല പാര്‍ട്ടി പി.ജിയെ വിശ്വസിച്ചേല്‍പ്പിച്ചത്. ഇ.എം.എസ്. സമ്പൂര്‍ണ കൃതികള്‍ (നൂറ് വാല്യം) ജനറല്‍ എഡിറ്ററായിരുന്നു.

മുംബൈ പഠനത്തിന് ശേഷം തിരിച്ചെത്തിയ പി.ജി 1951 ല്‍ 25-ാം വയസ്സില്‍ തിരഞ്ഞെടുപ്പിലൂടെ തിരുകൊച്ചി നിയമസഭാംഗമായി. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 1957-59ലും 1967-69ലും പെരുമ്പാവൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമസഭാംഗമായിരുന്നു. 1965ല്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും തടവിലിലായിരുന്നതിനാല്‍ അദ്ദേഹം നിയമസഭയില്‍ സാമാജികനായി ചേര്‍ന്നിരുന്നില്ല. 1998-ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ എ.സി ജോസിനെതിരെ മത്സരിച്ചെങ്കിലും 8949 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

‘സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി’ (സിഡിറ്റ്)യുടെ സ്ഥാപക ഡയറക്ടറായിരുന്നു പി.ജി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, പുരോഗമന കലാസാഹിത്യസംഘം സ്ഥാപകാംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം, ‘ഇപ്റ്റ’ സംസ്ഥാന വൈസ് പ്രസിഡന്റ്, കൈരളി, ജനശക്തി ഫിലിം സൊസൈറ്റിയില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ വിവിധ മേഖലകളില്‍ പി.ജി. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സി.പി.ഐ നേതാവ് എം.എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവള്‍ എം.ജെ. രാജമ്മയാണ് പി.ജി.യുടെ ഭാര്യ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്നു അവര്‍. മകന്‍ എം.ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ), രാധാകൃഷ്ണന്റെ ഭാര്യ ജയശ്രീ ഐ.എസ്.ആര്‍.ഒ.യില്‍ ശാസ്ത്രജ്ഞയാണ്. മകള്‍: ആര്‍. പാര്‍വതീദേവി. എം.എല്‍.എ.യും മുന്‍ മേയറുമായ വി. ശിവന്‍കുട്ടിയാണ് പാര്‍വതിദേവിയുടെ ഭര്‍ത്താവ്.

ഏകസഹോദരി കെ.പി. ലക്ഷ്മിക്കുട്ടിയമ്മ പരേതനായ സി.പി.ഐ. നേതാവും മുന്‍മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവന്‍ നായരുടെ ഭാര്യയാണ്. മറ്റ് സഹോദരങ്ങള്‍: പരേതനായ കെ.പി. ഗംഗാധരന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍, ജയകേരളം ഹൈസ്‌കൂള്‍, പുല്ലുവഴി), എം.പി. ഗോപാലന്‍ (ഹോങ്‌കോങ് ബിസിനസ്സിന്റെ എഡിറ്റര്‍ എമിറിറ്റസ്), ഡോ. കെ.പി. ബാലകൃഷ്ണപിള്ള (മാനേജര്‍, ജയകേരളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുല്ലുവഴി).

വായനയുടെ ലോകത്തിലെ യൗവ്വനം

 

Advertisement