p-chidambaramന്യൂദല്‍ഹി: ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അറിയിച്ചു. ദല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദല്‍ഹി ഹൈക്കോടതിക്കു സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി  സംഭവത്തെ ശക്തമായി അപലപിച്ചു. സ്‌ഫോടനത്തില്‍ 9പേര്‍ മരിച്ചതായും 45 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എന്‍.ഐ.എയും എന്‍.എസ്.ജിയും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഭീതിപ്പെടുത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനിയും സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവമുണ്ടായ സാഹചര്യത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ സഭയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.