യു.ഐ.ഡി വിവരങ്ങള്‍ വിശ്വസനീയമല്ല: പ്രധാനമന്ത്രിക്ക് ചിദംബരത്തിന്റെ കത്ത്
India
യു.ഐ.ഡി വിവരങ്ങള്‍ വിശ്വസനീയമല്ല: പ്രധാനമന്ത്രിക്ക് ചിദംബരത്തിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th January 2012, 11:09 am

ന്യൂദല്‍ഹി: യുനീക്ക് ഐഡന്റിഫിക്കേഷന്‍ പ്രൊജക്ടുമായി (യു.ഐ.ഡി) ബന്ധപ്പെട്ട് ആഭ്യന്തമന്ത്രി ചിദംബരവും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ നന്ദന്‍ നീലകനിയും തമ്മിലുള്ള പോര് മുറുകുന്നു. യു.ഐ.ഡി.എ.ഐ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കാന്‍ ആസൂത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചിദംബരം പ്രധാനമന്ത്രിക്ക് കത്തയച്ചു. ജനങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ ശേഖരിക്കേണ്ട ചുമതല രജിസ്റ്റാര്‍ ജനറലിനെയാണോ യു.ഐ.ഡി.ഐ.എയെയാണോ എല്‍പ്പിക്കുന്നതെന്നത്  സംബന്ധിച്ച്  എത്രയും പെട്ടെന്ന് വ്യക്തതവരുത്തണമെന്നും ചിദംബരം ആവശ്യപ്പെടുന്നു.

പ്ലാനിംഗ് കമ്മീഷന്റെ നോഡല്‍ അതോറിറ്റിക്ക് കീഴിലാണ് യു.ഐ.ഡി.എ.ഐ വരുന്നത്. എന്നാല്‍ രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ്.

ഇതിന് പുറമേ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കാബിനറ്റ് സെക്രട്ടറിക്കും കത്തയച്ചിട്ടുണ്ട്. ഏത് പേരിലും വിലാസത്തിലും ആര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്യാമെന്നതിനാല്‍ യു.ഐ.ഡി ഡാറ്റ വിശ്വസനീയമല്ലെന്നാണ് ഹോംസെക്രട്ടറി അയച്ച കത്തില്‍ പറയുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ വിവരങ്ങള്‍ യു.ഐ.ഡി സ്വീകരിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി വൈകാനും ഇത് സംബന്ധിച്ച ആശങ്കകള്‍ക്കും വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ അന്തിമ തീരുമാനം എത്രയുംപെട്ടെന്നുണ്ടാവണമെന്ന് ആഭ്യന്തമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. യു.ഐ.ഡി.എ.ഐ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി തള്ളിയതല്ല മറിച്ച് യു.ഐ.ഡി പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതില്‍ പി.ചിദംബരത്തെ പഴിച്ചുകൊണ്ട് മാധ്യമങ്ങളില്‍ വന്ന ലേഖനമാണ് ഈ കത്തെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തെ കരിവാരിതേക്കുന്ന ചില ലേഖനങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത് വസ്തുതകള്‍ വളച്ചൊടിക്കുന്നതാണെന്നും ചിദംബരം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലും, എക്‌ണോമിസ്റ്റിലും വന്ന ലേഖനങ്ങള്‍ കത്തിനൊപ്പം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആധാര്‍ പദ്ധതി നടപ്പാക്കാനായി യു.ഐ.ഡി.എ.ഐക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചുകൊടുക്കാമെന്നേറ്റ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ജോലി പുരോഗമിക്കുന്നുണ്ടെന്നും  2013ന്റെ പകുതിയോടെ അത് പൂര്‍ത്തിയാകുമെന്നും ചിദംബരം പ്രധാനമന്ത്രിയെ അറിയിച്ചു. വിവരശേഖരത്തിന് യു.ഐ.ഡി.എ.ഐ ഇപ്പോള്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വിവരശേഖരണം ആര് നടപ്പാക്കുമെന്നത് സംബന്ധിച്ച് എത്രയുംപെട്ടെന്ന് തീരുമാനമുണ്ടാക്കണമെന്നും ചിദംബരം പറയുന്നു.

“ആധാര്‍” പദ്ധതിക്കുവേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വിവരശേഖരണത്തിനെതിരെ ആഭ്യന്തരമന്ത്രി  നേരത്തെ രംഗത്തെത്തിയിരുന്നു. കൃത്യമായി പരിശോധിക്കാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിദംബരം ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

നിലവിലെ രീതിയില്‍ നടക്കുന്ന വിവരശേഖരണ പ്രക്രിയയില്‍ സ്ഥിരതാമസക്കാരല്ലാത്തവരുടെ പേരുകളും തെറ്റായ പ്രൊഫൈലുകളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്. പത്തുവര്‍ഷത്തിലൊരിക്കല്‍ കൃത്യമായ ചട്ടങ്ങള്‍ പാലിച്ച് രാജ്യത്തെ രജിസ്റ്റര്‍ ജനറല്‍ ജനസംഖ്യ കണക്കാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യു.ഐ.ഡി.ഐ.എയെ വിവരശേഖരണം നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.


Malayalam news