ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി കോലം കത്തിക്കില്ലെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. കോലം കത്തിക്കുന്നതും വായ്ക്കരിയിടുന്നതും അപരിഷ്‌കൃത ഏര്‍പ്പാടാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി ഇത്തരം പ്രക്ഷോഭമാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി വര്‍ഗീയ വത്കരിച്ചുവെന്ന് താന്‍ പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കാനാണ് ബാലഗോകുലം ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.

Ads By Google

മുന്‍കാലങ്ങളില്‍ ക്ഷേത്ര ഉപദേശക കമ്മിറ്റിയുടെയും ക്ഷേത്രകമ്മിറ്റികളുടേയും നേതൃത്വത്തില്‍ ഹൈന്ദവസമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ച് നടത്തിയിരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം കുറച്ചുകാലമായി സംഘപരിവാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഇത്മൂലം ഹിന്ദു സമൂഹത്തിലെ തന്നെ ഭൂരിപക്ഷം വിശ്വാസികളും ഇന്നത്തെ ആഘോഷങ്ങളുടെ നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയോ ഒഴിവാക്കപ്പെടുകയോ ആണെന്നും വിഷ്ണുനാഥ് പറഞ്ഞിരുന്നു.

എന്നാല്‍ വിഷ്ണുനാഥിന്റെ ഈ പരാമര്‍ശത്തിനെതിരെ ഹിന്ദുത്വസംഘടനങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും വിഷ്ണുനാഥിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയത്.

വിശ്വാസത്തിന്റെ ഭാഗമായി നടത്തിയിരുന്ന ആഘോഷം സംഘപരിവാര്‍ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമമിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നാണ് വിഷ്ണുനാഥ് പറയുന്നത്.