Categories

കൂറുമാറ്റ നിരോധന നിയമം: പി.സി ജോര്‍ജ്ജിന്റെ ഹരജി തള്ളി

pc-george-01

കൊച്ചി: എം.എല്‍.എ. പദവിയില്‍ അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്റെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തളളിയതിനെയാണ് ജോര്‍ജ് കോടതിയില്‍ ചോദ്യം ചെയ്തത്.

സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോര്‍ജിന്റെ ഹരജി തള്ളിക്കളഞ്ഞത്.

അതേസമയം ജോര്‍ജ് നല്‍കിയ പരാതി ഗൗരവമുളളതാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നിയസഭാംഗത്തിന്റെ പരാതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സഭാനാഥനായ സ്പീക്കറാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വാഭാവിക നീതിയുടെ ലംഘനമാണ് സപ്തംബര്‍ 17ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പുറപ്പെടുവിച്ച ഉത്തരവെന്നും അത് വിളിച്ചുവരുത്തി പരിശോധിച്ച് റദ്ദാക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ ആവശ്യം.

കേരളാ കോണ്‍ഗ്രസിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചരീതിയിലാണ് പി.സി.ജോര്‍ജിന്റെ പ്രവൃത്തികള്‍ എന്നാണ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ ശരിയായ രേഖകളുടെ അടിസ്ഥാനത്തിലല്ല ഉണ്ണിയാടന്റെ അപേക്ഷയെന്ന ജോര്‍ജിന്റെ എതിര്‍പ്പ് സ്പീക്കര്‍ തളളുകയും അപേക്ഷ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ കാര്യത്തില്‍ സ്പീക്കറുടെ നിലപാട് തന്നെയാകും ഇനി നിര്‍ണായകമാകുക.

അയോഗ്യത കല്പിക്കണമെന്ന ആവശ്യത്തിനെതിരെ മറുപടിയുണ്ടെങ്കില്‍ 23ന് നാല് മണിക്കകം നല്‍കാനാണ് പി.സി. ജോര്‍ജിനോട് സ്പീക്കര്‍ ഉത്തരവിട്ടിട്ടുള്ളത്. പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ച നിലയില്‍ താന്‍ പെരുമാറിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് ഹരജിയില്‍ ബോധിപ്പിച്ചിരുന്നു

Tagged with: