എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍: 10000 കോടി തട്ടിപ്പിന്റെ വിശദാംശം പി.സി ജോര്‍ജ് വെളിപ്പെടുത്തണമെന്ന് വി.എസ്
എഡിറ്റര്‍
Wednesday 19th June 2013 11:04am

V.S. Achuthananthan

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ അടിയന്തര പ്രമേയം നിഷേധിച്ച സ്പീക്കറുടെ സമീപനം നിഷേധാത്മകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

അടിയന്തര പ്രമേയം വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചോദ്യോത്തരവേള മുടങ്ങിയെന്നും അതിന് അനുവദിക്കണമെന്ന സ്പീക്കറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ന് ഞങ്ങള്‍ അതിനോട് സഹകരിച്ചത്.

Ads By Google

ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്ന് സ്പീക്കര്‍ സമ്മതിക്കുകയും ചെയ്തു. അടിയന്തര പ്രമേയം അനുവദിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കിയെങ്കിലും  ടീം സോളാറുമായി ബന്ധപ്പെട്ട് 10000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ ആരോപണം അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതേ കുറിച്ച് ഒരു മറുപടി പോലും പറയാന്‍ ഭരണകക്ഷികള്‍ തയ്യാറാകാതെ തന്നെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

പ്രതിപക്ഷത്തെ ചീത്തവിളിക്കാന്‍ മാത്രമാണ് ഭരണപക്ഷം എഴുന്നേല്‍ക്കുന്നത്. പ്രതിപക്ഷ നേതാവായ ഞാന്‍ ഒരു കാര്യം പറയാന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

പതിനായിരം കോടി രൂപയുടെ അഴിമതി എന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ല. അത് ഉന്നയിച്ചത് ചീഫ് വിപ്പാണ്. അത് വിശദീകരിക്കാനുള്ള സമയം അദ്ദേഹത്തിന് നല്‍കണം. പി.സി ജോര്‍ജ് വലിയ വെല്ലുവിളിയാണ് നടത്തിയത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറണം.

സഭയില്‍ തെറ്റായ സമീപനമാണ് സ്പീക്കര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിരന്തരമായി സഭ ബഹിഷ്‌ക്കരിക്കേണ്ടി വരുന്നത്. സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതയ്ക്കും ബിജുവിനുമൊപ്പം തന്നെ ഭരണപക്ഷത്തെ പല മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അതില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്.

അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിയാത്തതും. സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെയാണ് ഈ വിവരങ്ങളെല്ലാം മാധ്യമങ്ങളെ അറിയിക്കേണ്ടതുണ്ട്.

സ്റ്റാഫംഗങ്ങളെ പുറത്താക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് സോളാര്‍ ഇടപാടില്‍  പങ്കുണ്ടെന്നതിന് തെളിവാണെന്നും പ്രതിപക്ഷ സമരങ്ങളെ ടിയര്‍ ഗ്യാസ് ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും വി.എസ് പറഞ്ഞു.

Advertisement