എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഓഫീസ് വിവാദസ്വാമിമാരുടേയും ദല്ലാളുമാരുടേയും കേന്ദ്രമെന്ന് പ്രസ് സെക്രട്ടറി
എഡിറ്റര്‍
Friday 4th January 2013 12:55am

കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ഓഫീസ് വിവാദസ്വാമിമാരുടേയും ദല്ലാളുമാരുടേയും കേന്ദ്രമാകുന്നുവെന്ന് പ്രസ് സെക്രട്ടറി രാജു ആനിക്കാട്.

Ads By Google

പരസ്യമായ അധിക്ഷേപങ്ങള്‍ സഹിച്ചാണ് ഇത്രയും കാലം പി.സി ജോര്‍ജിനൊപ്പം കഴിഞ്ഞതെന്നും ഇനി അങ്ങനെ തുടരുന്നില്ലെന്നും രാജു ആനിക്കാട് വ്യക്തമാക്കുന്നു. പി.സി ജോര്‍ജ്ജിനയച്ച രാജിക്കത്തിലാണ് രാജു ആനിക്കാട് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാദ സ്വാമിമാരും മറ്റ് ദല്ലാള്‍മാരും സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരും അസമയത്ത് പി.സി ജോര്‍ജിന്റെ ഓഫീസിലെത്തുന്നത് ഞെട്ടലോടെ കണ്ടിരുന്നതായി രാജു രാജിക്കത്തില്‍ പറയുന്നു.

ചീഫ് വിപ്പായ അങ്ങയുടെ പ്രസ് സെക്രട്ടറി സ്ഥാനം അങ്ങയുടെ നിര്‍ദേശാനുസരണം ഞാന്‍ രാജിവയ്ക്കന്നു. കഴിഞ്ഞ ആറുമാസമായി എന്നെ പുകച്ചു പുറത്ത് ചാടിക്കുന്നതിനായി അങ്ങ് നടത്തിയ ഭീഷണിയുടെയും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച പദപ്രയോഗങ്ങളും, പരസ്യമായ അധിക്ഷേപവും സഹിച്ചുമുന്നോട്ടുപോകുകയായിരുന്നു ഞാന്‍. ഒരു മാധ്യമപ്രവര്‍ത്തകനെന്ന പരിഗണനപോലും അങ്ങ് നല്‍കിയില്ല.

അടുത്തിടെ ഒരു ഫയല്‍ ഒപ്പിടീക്കാനായി ഓഫീസില്‍ ചെന്നപ്പോഴുണ്ടായ അപമര്യാദയോടെയുള്ള സംഭാഷണത്തെകുറിച്ചും രാജു ഇങ്ങനെ വിവരിക്കുന്നു: ”ജനാധിപത്യത്തിനായി വാതോരാതെ പ്രസംഗിക്കുന്ന അങ്ങയിലെ ഏകാധിപതിയുടെ ആക്രോശമാണ് ഞാന്‍ കേട്ടത്.

അധികാരത്താല്‍ അന്ധനായി സമനില തെറ്റിയ അങ്ങ് അടിമയോടെന്ന നിലയിലാണ് എന്നോട് സംസാരിച്ചത്. പത്രപ്രവര്‍ത്തക യൂണിയനെ കൊണ്ട് നീ എന്നെ പേടിപ്പിക്കും; അല്ലെ, എന്റെ പെഴ്‌സണല്‍ സ്റ്റാഫില്‍ ആരാണ് ജോലി ചെയ്യേണ്ടെതെന്ന് തീരുമാനിക്കുന്നത് ഞാനാണ്. തന്തക്ക്് പിറക്കായ്കയാണ് നീ കാണിച്ചത്. നീ ഉടന്‍ രാജിവക്കണം. യൂണിയന്‍ എന്നെ പഠിപ്പിക്കാന്‍ വരേണ്ട”

തനിക്ക് പുറത്തുപറയാന്‍ പോലും ലജ്ജ തോന്നുന്ന രീതിയിലുള്ള വാക്കുകളായിരുന്നു പിന്നീട് പി.സി ജോര്‍ജ്ജ് പറഞ്ഞതെന്നും രാജു ആനിക്കാട്ട് വ്യക്തമാക്കുന്നു.

ദല്ലാളുമാരുടേയും ഉപജാപക സംഘത്തിന്റെയും ചട്ടുകമായി മാറിയ അങ്ങയുടെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിച്ച് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തനായിരുന്ന താന്‍ കെ.എം മാണി, പി.ജെ ജോസഫ്, ജോസ് കെ.മാണി എന്നിവര്‍ക്കെല്ലാമെതിരെ വാര്‍ത്ത കൊടുത്തിട്ടുണ്ടെന്നും കോട്ടയത്തെ നിരവധി മാധ്യമ പ്രവര്‍ത്തകരെ കൊണ്ട് ഇങ്ങനെ വാര്‍ത്തകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും രാജു കത്തില്‍ പറയുന്നു.

”കോട്ടയത്തെ സൂര്യ ടിവിയുടെ റിപ്പോര്‍ട്ടറായി ഞാന്‍ സ്ഥാനമേറ്റപ്പോള്‍ മുതല്‍ 15 വര്‍ഷമായി തുടര്‍ന്ന് സ്‌നേഹബന്ധം അറുത്തുമുറിക്കാന്‍ അങ്ങ് തന്നെ മുന്‍കൈ എടുക്കട്ടെ എന്നു കരുതി മാത്രമാണ് അങ്ങേയറ്റത്തെ മാനസിക പീഡനത്തിലും ഞാന്‍ പിടിച്ചു നിന്നത്. കഴിഞ്ഞ 18ന് നിയമസഭാ സമ്മേളനത്തിനിടെ ആദ്യമായി തിരക്കിട്ട് വിളിച്ചുചേര്‍ത്ത സ്‌റാഫ് യോഗത്തില്‍ വച്ച് പരസ്യമായി അധിക്ഷേപിക്കുകയും ഞാന്‍ സ്ഥാനമൊഴിയണമെന്ന് അങ്ങ് ആവശ്യപ്പെടുകയായിരുന്നല്ലോ. അതനുസരിച്ചാണ് ഈ രാജിക്കത്ത്.

ജനപ്രതിനിധികളെയെന്നപോലെ പേഴ്‌സണല്‍ സ്‌റാഫില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സ്വപ്നമായ മിനിമം പെന്‍ഷന്‍ ലഭിക്കാനുളള കാലയളവ് പോലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയാണ് എനിക്ക് പുറത്തേക്കുളള വഴിതുറന്നതെന്ന് അങ്ങേയറ്റം ഖേദത്തോടെ അറിയിക്കട്ടെ.

എന്റെ തൊഴില്‍പരമായ സാഹചര്യം അറിയാവുന്ന, ഞാന്‍ അംഗമായ കേരളത്തിലെ മാധ്യമപ്രവര്‍ത്തരുടെ ഏക സംഘടനയായ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യത്തില്‍ ഇടപെടുകയും, മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിനുളള രണ്ടുവര്‍ഷകാലാവധി ( ഇനി ആറുമാസം) പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചകാര്യം അങ്ങയെ ഓര്‍മിപ്പിക്കട്ടെ.

എന്നാല്‍ കോട്ടയം ടിബി കേന്ദ്രമായി കഴിഞ്ഞ ആറുമാസമായി എന്റെ രക്തത്തിനായി ദാഹിക്കുന്ന രണ്ടു മുന്‍ മാധ്യമപ്രവര്‍ത്തകരും എന്റെ സഹപ്രവര്‍ത്തകനായ അഡീഷണ െ്രെപവറ്റ് സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും ചേര്‍ന്ന് നടത്തിയ ഉപജാപത്തില്‍ അങ്ങ് അറിയാതെ കുടുങ്ങുകയായിരുന്നുവെന്ന് ഞാന്‍ സംശയിക്കുന്നു. മാധ്യമപ്രവര്‍ത്തരുടെ സംഘടനാ നേതൃത്വത്തിന്റെ അഭ്യര്‍ഥനയെപ്പോലും തള്ളിക്കളഞ്ഞുകൊണ്ടുളള അങ്ങയുടെ  ഈ നടപടിയിലൂടെ കേരളത്തിലെ മാധ്യമ ലോകത്തെ അപമാനിച്ചിരിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നാല്‍ അതില്‍ തെറ്റുപറയാനാവില്ല.

പാതിവഴിയില്‍ എന്നോട് ഈ ക്രൂരത കാട്ടിയത് എന്തിനാണെന്ന് എനിക്കറിയില്ല. ഞാന്‍ അങ്ങയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ അങ്ങേയറ്റം സത്യസന്ധവും വിശ്വസ്തതയോടെയുമാണ് ഞാന്‍ സേവനമനുഷ്ടിച്ചതെന്ന് ഉറപ്പിച്ചു പറയാനാവും. കാല്‍നൂറ്റാ ണ്ടായി കേരളത്തിലെ പ്രശസ്തമായ പത്രദൃശ്യമാധ്യമങ്ങളില്‍ സേവനം ചെയ്ത പരിചയസമ്പത്തുമായാണ് ഈ ജോലി ഞാന്‍ അത്മവിശ്വാസത്തോടെ ഏറ്റെടുത്തത്

നിയമസഭയിലെ വനിതാ വാച്ച് ആന്റ് വാര്‍ഡിനോട് അസ്‌ളീല ചുവയോടെ സംസാരിച്ചപ്പോഴും, മുന്‍മന്ത്രി എ.കെ ബാലനെയും, ടിഎന്‍ പ്രതാപന്‍ എം.എല്‍.എയെയും ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിലും ഉള്‍പ്പടെ  അങ്ങ് പ്രതിസന്ധിയലായ എല്ലാ അവസരങ്ങളിലും പ്രതിരോധം തീര്‍ക്കാന്‍ ഒരു പ്രസ് സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പതിവു താന്‍പ്രമാണിത്തത്തോടെ അതെല്ലാം അങ്ങ് തള്ളിക്കളയുകയായിരുന്നു.

ജുഡീഷ്യല്‍ ദല്ലാളള്‍മാരുടെയും,  ഉപജാപസംഘത്തിന്റെയും ചട്ടുകമായി മാറുന്ന അങ്ങ് ഇനിയെങ്കിലും തിരുത്തണമെന്ന് വിടപറയും മുമ്പ് താഴ്മയോടെ അഭ്യര്‍ഥിക്കട്ടെ. പേഴ്‌സണല്‍ സ്‌റാഫ് അംഗങ്ങളെ നുകം വച്ചകാളയെപ്പോലെ കാണുന്ന അങ്ങയുടെ മനോഭാവം മാറാന്‍ എന്റെ പിന്‍മാറ്റം സഹായിക്കട്ടെ എന്നും കത്തില്‍ വ്യക്തമാക്കുന്നു.

Advertisement