തിരുവനന്തപുരം: മന്ത്രിയാകില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് അഹങ്കാരമെന്ന് ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജ്. മന്ത്രിസഭയില്‍ ചേരേണ്ടെന്ന ചെന്നിത്തലയുടെ നിലപാട് നിഷേധാത്മകമാണെന്നും ജോര്‍ജ് പറഞ്ഞു.

Ads By Google

ചെന്നിത്തല ഉപമുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായ സംഘടനകള്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.

അധികാര രാഷ്ട്രീയത്തിലെത്താനാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചതെന്നും അത് നടന്നില്ലെങ്കിലും ഇപ്പോള്‍ അത് തിരുത്താവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭയില്‍ എത്തുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനമോ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമോ ചെന്നിത്തല രാജിവെക്കണമെന്നും ചെന്നിത്തല ഭരണത്തിന് പുറത്തുനില്‍ക്കുന്നതില്‍ അസംതൃപ്തരുണ്ടെന്ന സത്യത്തെ മൂടിവയ്ക്കാനാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ തൃപ്തനാണെന്നും തനിക്ക് മന്ത്രിയാകണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്നുമായിരുന്നു ഇത് സംബന്ധിച്ച് ചെന്നിത്തലയുടെ മറുപടി.

കെ.പി.സിസി പ്രസിഡന്റ് എന്ന നിലയില്‍ പൂര്‍ണ തൃപ്തനാണെന്നും വെള്ളാപ്പള്ളി നടേശന് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.