പത്തനംതിട്ട: മന്ത്രി ഗണേഷ്‌കുമാറിനെതിരെ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ഇനിയും ഏറെ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

Ads By Google

മന്ത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നാളത്തെ യു.ഡി.എഫ്.യോഗത്തില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിബ്രവരി 22ന് താന്‍ അറിഞ്ഞകാര്യം മുന്നണിക്ക് ദോഷമുണ്ടാകരുതെന്നു കരുതിയാണ് പുറത്തു പറയാതിരുന്നത്. ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നശേഷം, ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് അവരുടെ സമ്മതം ലഭിച്ചശേഷമാണ് പ്രതികരിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

ആ വ്യക്തി ഉമ്മന്‍ ചാണ്ടിയും ബാലകൃഷ്ണപിള്ളയുമല്ല. അക്കാര്യം നിങ്ങള്‍ക്കുറപ്പിക്കാമെന്നും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിക്കാന്‍ താന്‍ പത്രസമ്മേളനം വിളിച്ചതല്ല. മാധ്യമപ്രവര്‍ത്തകര്‍ വന്നു കണ്ടപ്പോള്‍ ചോദ്യത്തിന് മറുപടി നല്‍കിയതാണെന്നും ജോര്‍ജ് പറഞ്ഞു.

വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ കൈക്കൂലിവിഷയത്തില്‍ കെ.എം.മാണിക്കും ജോസ് കെ. മാണിക്കും ഒരുപങ്കുമില്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.

ജഗതിയെ കാണാന്‍ പി.സി.ജോര്‍ജ് അനുവദിക്കുന്നില്ലെന്ന ശ്രീലക്ഷ്മിയുടെ പരാതി ശരിയല്ല. സിനിമക്കാരിയായതിനാല്‍ പബ്ലിസിറ്റിക്കുവേണ്ടിയാണിത്.

ഇതിനു പിന്നിലുള്ള ആളെ അറിയാം. ആര്‍ക്കും ജഗതിയെ കാണാന്‍ സൗകര്യമുണ്ട്. ജഗതിയുടെ യഥാര്‍ഥ ഭാര്യയെയും മകളെയും മാത്രമേ തനിക്കറിയൂ എന്നും പി.സി.ജോര്‍ജ് പറഞ്ഞു.