തിരുവനന്തപുരം: സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെട്ട സ്ത്രീ വിഷയത്തില്‍ പാര്‍ട്ടി ആദ്യം നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്.

Ads By Google

സൂര്യനെല്ലിക്കേസ് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നിയമസഭ പിരിഞ്ഞ ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് പ്രതിപക്ഷം. ഭരണപക്ഷത്തിരിക്കുമ്പോള്‍ ഇത്തരം കേസുകളെ കുറിച്ച് ഒന്നും മിണ്ടാതെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ വേണ്ടാത്ത വിഷയങ്ങള്‍ ഉന്നയിച്ച് ചാടുകയും ചെയ്യുകയാണ് അവര്‍ എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ വി.എസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കിളിരൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ശാരിയെ പീഡിപ്പിച്ചവരെ കയ്യാമം വച്ചുനടത്തുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയ വി.എസ് ചെയ്തത് ശാരിയുടെ അച്ഛനേയും അമ്മയേയും കുഞ്ഞിനേയും അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ വിഷയത്തെ സമീപിക്കുന്ന നേതാക്കന്‍മാരാണ് ഇപ്പോള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ കേസില്‍ ഭരണപക്ഷത്തിന് നേരെ ചാടുന്നത്.

സി.പി.ഐ.എം ആദ്യം അവരുടെ പാര്‍ട്ടിയിലെ നേതാക്കള്‍ ഉള്‍പ്പെട്ട സ്ത്രീ വിഷയത്തില്‍ നടപടി സ്വീകരിക്കട്ടെ. എന്നിട്ടുമതി ഭരണപക്ഷത്തിന് നേരെ ആരോപണമുന്നയിക്കാനെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.