എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണിത്താന്‍ വധശ്രമ കേസ് അട്ടിമറിച്ചത് ക്രൈം ബ്രാഞ്ച് എസ്.പിയെന്ന് കണ്ടെയ്‌നര്‍ സന്തോഷിന്റെ രഹസ്യ മൊഴി
എഡിറ്റര്‍
Tuesday 15th May 2012 9:36am

കൊച്ചി: പി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസ് അട്ടിമറിച്ചത് ക്രൈം ബ്രാഞ്ച് എസ്.പി.സാംക്രിസ്റ്റി ഡാനിയലാണെന്ന് മുഖ്യപ്രതി കണ്ടെയ്‌നര്‍ സന്തോഷിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ. സംഘം സാംക്രിസ്റ്റ് ഡാനിയലിനെ കൊല്ലത്ത് ചോദ്യം ചെയ്തു.

കേസില്‍ കണ്ടെയ്‌നര്‍ സന്തോഷിനെ മാപ്പുസാക്ഷിയാക്കാനാണ് സി.ബി.ഐ. തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയപ്പോഴാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ഹാപ്പി രാജേഷിനും കണ്ടെയ്‌നര്‍ സന്തോഷിനും ക്വട്ടേഷന്‍ നല്‍കിയ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. അബ്ദുള്‍ റഷീദും ഡി.വൈ.എസ്.പി. സന്തോഷ്.എം.നായരും ഉണ്ണിത്താന്‍ വധശ്രമകേസില്‍ പ്രധാനികളായിരുന്നു. ഇവരുടെ അന്വേഷണത്തിനിടയില്‍ തന്നെ നിശബ്ദനാക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് സന്തോഷ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്.

കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ ഡി.വൈ.എസ്.പി. സന്തോഷ്.എം.നായര്‍ക്ക് ഈ കേസിലുള്ള പങ്കിനെക്കുറിച്ച് കണ്ടെയ്‌നര്‍ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തന്നെ കൊച്ചിയില്‍ ക്രൈ ബ്രാഞ്ച് ഓഫീസില്‍ കൊണ്ടുവന്ന് തന്നെ സാംക്രിസ്റ്റി ഡാനിയല്‍ ഭീഷണിപ്പെടുത്തി എന്നുമാണ് സന്തോഷ് മൊഴി നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാല്‍ തന്നെ ഇല്ലാതാക്കുമെന്ന് അവര്‍ പറഞ്ഞുവെന്നും സന്തോഷ് മൊഴി നല്‍കി. ഡി.വൈ.എസ്.പി. അബ്ദുള്‍റഷീദിനെ കേസിലേക്ക വലിച്ചിഴക്കരുതെന്ന് സാംക്രിസ്റ്റി ആവശ്യപ്പെട്ടുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ്.എം.നായരുടെ പേര് പുറത്ത് പറഞ്ഞതിന് അസഭ്യം പറഞ്ഞുവെന്നും കണ്ടെയ്‌നര്‍ സന്തോഷ് പറഞ്ഞു. പിന്നീട് കൊല്ലത്തേക്ക് കൊണ്ടു വന്ന തന്നെ വീണ്ടും എസ്.പിയുടെ മുറിയില്‍ വച്ച് അദ്ദേഹത്തിന്റെ സാനിദ്ധ്യത്തില്‍ അബ്ദുള്‍റഷീദ് വീണ്ടും ഭീഷണിപ്പെടുത്തിയെന്നും അബ്ദുള്‍റഷീദിന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസ്സമദിച്ചപ്പോള്‍ അബ്ദുള്‍റഷീദ് അക്രമാസക്തനായെന്നും അദ്ദേഹത്തെ എസ്.പി.യാണ് മുറിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും കണ്ടെയ്‌നര്‍ സന്തേഷ് പറഞ്ഞു. അതിനു ശേഷവും തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്തോഷിന്റെ മൊഴിയിലുണ്ട്.

അതേസമയം ഇന്നലെ ആശ്രമം ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കണ്ടെയ്‌നര്‍ സന്തോഷിന്റെ മൊഴിയിലെ ആരോപണങ്ങള്‍ എസ്.പി.സാംക്രിസ്റ്റി നിഷേധിച്ചു. എസ്.പി.യുടെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്.

ഉണ്ണിത്താന്‍ വധശ്രമ കേസിലെ മുഖ്യപ്രതിയായിരുന്ന ഹാപ്പി രാജേഷിന്റെ കൊലപാതകത്തിനു പിന്നിലും ചില പോലീസ് ഉദ്യോഗസ്ഥരാണെന്ന വിവരവും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഹാപ്പി രാജേഷ് കൊല്ലപ്പെടുന്നത്  ഈ കേസ് ക്രൈം ബ്രാംഞ്ച് അന്വേഷിക്കുന്നതിനിടിയിലാണ്. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലക്ക് കാരണമായതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ഉണ്ണിത്താന്‍ വധശ്രമകേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വരാതിരിക്കാനാണ് ഹാപ്പി രാജേഷിനെ വധിച്ചതെന്ന നിഗമനത്തിലാണ ്‌സി.ബി.ഐ ഇപ്പോള്‍. കണ്ടെയ്‌നര്‍ സന്തോഷ് നേരിട്ട ഭീഷണി രാജേഷും നേരിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കരുതുന്നു. ഹാപ്പി രാജേഷിന്റെ വധവും ഡി.വൈ.എസ്.പി. അബ്ദുള്‍റഷീദാണ് അന്വേഷിച്ചിരുന്നത്.

ഉണ്ണിത്താന്‍ വധശ്രമ കേസിന്റെ അന്വേഷണ ചുമതല ഡി.ഐ.ജി.ശ്രീജിത്തിനായിരുന്നു. ഉണ്ണിത്താന്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഡി.ഐ.ജി. ശ്രീജിത്തും വഴിവിട്ട് സഹായിച്ചുവെന്നാണ് സി.ബി.ഐക്ക് ലഭിക്കുന്ന വിവരം. ഡി.ഐ.ജി. ശ്രീജിത്തിനെ ചോദ്യം ചെയ്യാനും സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.

 

Advertisement