മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളുടെ വരവോടെ നാം ഉപയോഗിക്കുന്ന ഭാഷയില്‍ നമ്മളറിയാതെയോ, അറിഞ്ഞുകൊണ്ടോ വന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പ്രണയസന്ദേശങ്ങളിലായാലും ഗൗരവമുള്ള മറ്റ് വിഷയങ്ങളാണെങ്കിലും വിശദമായി എല്ലാം എഴുതുന്നതിന് പകരം ഇന്ന് ചുരുക്കെഴുത്തുകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ചുരുക്കെഴുത്തുകള്‍ ഉപയോഗിച്ച് ഉപയോഗിച്ച് ഇപ്പോള്‍ എന്തും ഏതും ചുരുക്കി സൂചിപ്പിക്കുന്ന ശീലമാണ് യുവതലമുറയ്ക്ക്. എന്നാല്‍ ചിലര്‍ക്ക് ഈ ചുരുക്കെഴുത്തുകള്‍ മനസിലാക്കാന്‍ കഴിയാറില്ല. സന്ദേശം അയച്ചയാളോടോ, അല്ലെങ്കില്‍ അറിയാവുന്ന മറ്റൊരാളോടോ ചോദിച്ചു മനസിലാക്കുക എന്നതല്ലാതെ മറ്റൊരു വഴി മുമ്പുണ്ടായിരുന്നില്ല. എന്നാല്‍ അങ്ങനെയൊരു വഴിയൊരുക്കിത്തരികയാണ് ഓക്‌സോഫോര്‍ഡ് നിഘണ്ടു.

ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നാം വ്യാപകമായി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥവും നിഘണ്ടുവില്‍ ഉള്‍പ്പെടുത്താനരൊങ്ങുകയാണ് ഇവര്‍. ഒ.എം.ജി(ഓ മൈ ഗോഡ്) ല.ഒ.എല്‍ (ലാഫ് ഔട്ട് ലൗഡ്)തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടെ ഇനി ഈ നിഘണ്ടുവില്‍ കാണാം.

ഐ.എം.എച്ച്.ഒ( ഇന്‍ മൈ ഹമ്പിള്‍ ഒപ്പീനിയന്‍), ടി.എം.ഐ(ടൂ മച്ച് ഇന്‍ഫര്‍മേഷന്‍) ബി.എഫ്.എഫ്( ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍) തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാത്തവര്‍ക്ക് ഇനി ഈ നിഘണ്ടു നോക്കി മനസിലാക്കാം.

1917ല്‍ പേഴ്‌സണല്‍ ലെറ്ററുകളില്‍ ഒ.എം.ജി എന്ന് ചുരുക്കെഴുത്ത് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുപോലുള്ള ചുരുക്കെഴുത്തുകള്‍ ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.