ന്യൂദല്‍ഹി: ഒ. എന്‍. ജി. സി വിദേശ് ലിമിറ്റഡിന്റെ സൈബീരിയയിലെ എണ്ണ ഖനന പദ്ധതിയായ ഇംപീരിയല്‍ എനര്‍ജിക്ക് നികുതി ഇളവ് നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. ഇതോടെ റഷ്യയിലെ ഇംപീരിയല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്ക ഇതോടെ ശക്തമായി. ഇംപീരിയല്‍ എനര്‍ജിയെ ഏറ്റെടുത്തതിലൂടെ ഒ. എന്‍. ജി. സിക്ക് 20,000 കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്.

ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ആരംഭിച്ച ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഒ. എന്‍. ജി. സിക്ക് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇംപീരിയല്‍ എനര്‍ജിക്ക് നികുതി ഇളവ് നല്‍കാനാവില്ലെന്ന് റഷ്യയുടെ ധനമന്ത്രാലയം അസന്ദിഗ്ധമായി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആനന്ദ് ശര്‍മ്മ റഷ്യന്‍ ഉപപ്രധാനമന്ത്രി സെര്‍ഗി ഇവാനോവുമായി ചര്‍ച്ച നടത്തും.

റഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ നിലപാടു മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇംപീരിയല്‍ എനര്‍ജിയില്‍ നിന്നും ഈടാക്കുന്ന ലവണ ഖനന നികുതി ഒഴിവാക്കണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ഇതോടൊപ്പം പത്തു വര്‍ഷത്തേക്ക് ഇംപീരിയലിന്റെ ഉത്പന്നങ്ങള്‍ കയറ്റി അയക്കുമ്പോള്‍ നികുതി ഈടാക്കരുതെന്നും ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നു. ഈ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പദ്ധതി ഒരിക്കലും ലാഭകരമാകില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ നിര്‍ബന്ധപ്രകാരമാണ് ലാഭകരമല്ലാതിരുന്നിട്ടും ഒ. എന്‍. ജി. സി വിദേശ് ഇംപീരിയല്‍ എനര്‍ജിയെ ഏറ്റെടുത്തത്. ഒ. എന്‍. ജി. സിയുടെ അന്നത്തെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍. എസ്. ശര്‍മ്മയും കമ്പനി ഡയറക്ടര്‍ ബോര്‍ഡും ഇടപാടിന് എതിരായിരുന്നു.