ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയയോട് 110 റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവര്‍ കുറവാണ് എറിഞ്ഞത്. ഒരു വര്‍ഷത്തിനിടെ രണ്ടു തവണ കുറഞ്ഞ ഓവര്‍ നിരക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ധോണിയെ ഒരു മത്സരത്തില്‍ നിന്നും വിലക്കിയത്.

ഇതോടെ നാളെ ശ്രീലങ്കയുമായി നടക്കുന്ന മത്സരത്തില്‍ ധോണിയ്ക്ക് പുറത്തിരിക്കേണ്ടിവരും. കൂടാതെ മാച്ച് ഫീയുടെ 40 ശതമാനം ധോണി പിഴ അടയ്ക്കുകയും വേണം. ടീമിലെ മറ്റംഗങ്ങള്‍ മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ അടയ്‌ക്കേണ്ടത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിന്നും സമാനമായ കുറ്റത്തിന് ധോണിയെ വിലക്കിയിരുന്നു. 2011 ഏപ്രില്‍ രണ്ടിന് മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനലിലും കുറഞ്ഞ ഓവര്‍ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം തികയുന്നതിനുമുന്‍പേ വീണ്ടും ഇതേ തെറ്റ് ആവര്‍ത്തിച്ചതിനാണ് വിലക്ക്.

Malayalam News

Kerala News In English