എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ 2 കോടി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടു: ഗുരുതര അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര
എഡിറ്റര്‍
Sunday 7th May 2017 1:52pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ജലവകുപ്പ് മന്ത്രി കപില്‍ മിശ്ര.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നില്‍ നിന്നും കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്നാണ് കപില്‍ മിശ്രയുടെ ആരോപണം.

ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപില്‍മിശ്ര.

കെജ്‌രിവാളിന് സത്യേന്ദ്ര ജെയ്ന്‍ രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതിനു താന്‍ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ന്‍ പണം നല്‍കിയത്.

കെജ്‌രിവാളിനെ താന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹം സംശുദ്ധനാണെന്നാണ് വിചാരിച്ചിരുന്നതെന്നും കപില്‍മിശ്ര പറയുന്നു. പണം നല്‍കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നാണ് ജെയ്ന്‍ തന്നോട് പറഞ്ഞതെന്നും കപില്‍ മിശ്ര പറയുന്നു. ഇതിനെപ്പറ്റിയുള്ള ഏത് തെളിവുകളും ഏത് ഏജന്‍സിക്ക് കൈമാറാനും തയ്യാറാണെന്നും മിശ്ര പറയുന്നു.

മാത്രമല്ല കെജ്‌രിവാളിന്റെ ബന്ധുവിന് വേണ്ടി 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍മിശ്ര പറയുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വര്‍ഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്. എന്നാല്‍ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് എവിടെനിന്നാണു ഇത്രയും പണം. തെറ്റുപറ്റിയതില്‍ ക്ഷമ പറയണമെന്ന് താന്‍ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷെ കേജ്‌രിവാള്‍ നിശബ്ദനായിരുന്നെന്നും കപില്‍ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.

പാര്‍ട്ടിയിലുണ്ടായ ഉള്‍പ്പോരില്‍ കുമാര്‍ വിശ്വാസിന്റെ പക്ഷം പിടിച്ചതാണു കപില്‍ മിശ്രയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണം.

രാവിലെ ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഎപി നേതാക്കളുടെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അടുത്തേക്ക് പോകില്ല. അദ്ദേഹം വേണമെങ്കില്‍ തന്റെ അടുത്തേക്ക് വരട്ടെയെന്നും മിശ്ര പറഞ്ഞു.

ശനിയാഴ്ചയാണ് കപില്‍മിശ്രയെ നീക്കാനുള്ള തീരുമാനം പുറത്തുവന്നത്.

Advertisement