ന്യൂദല്‍ഹി: ദല്‍ഹി കേന്ദ്രമായി നടത്തുന്ന സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ ‘ഒറ്റുകാരന്‍’ എന്ന നാടകം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ജനസംസ്‌കൃതി നോര്‍ത്ത് അവന്യൂ – ഗോല്‍ മാര്‍ക്കറ്റ് ബ്രാഞ്ചാണ് ഈ നാടകം അവതരിപ്പിച്ചത്. വര്‍ത്തമാനകാല വര്‍ഗീയ രാഷ്ട്രീയം മൃഗങ്ങളുടെ രൂപത്തില്‍ അവതരിപ്പിച്ച ഈ നാടകം സംവിധാനം ചെയ്ത എം.വി സുനില്കുമാറാണ് മികച്ച സംവിധായകന്‍.

ജനസംസ്‌കൃതി മയൂര്‍ വിഹാര്‍ ഫേസ് 3 ബ്രാഞ്ച് അവതരിപ്പിച്ച ‘കുപ്പിവെള്ളപുരം’ എന്ന നാടകം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ആഹര്‍ഷ് ആര്‍ പി എസ് രചിച്ച, ജല ദൗര്‍ലഭ്യത്തിന്റേയും കുപ്പിവെള്ള ചൂഷണത്തിന്റെയും കഥ പറയുന്ന ഈ നാടകം സംവിധാനം ചെയ്തത് അനിഷ് ഡി ഉണ്ണിയും ജെ സി നവനീതും ചേര്‍ന്നാണ്. ജനസംസ്‌കൃതി ദ്വാരക ബ്രാഞ്ച് അവതരിപ്പിച്ച ലക്ഷ്മി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘പാഠം 1: എലിതന്ത്രം’ എന്ന നാടകം മികച്ച മൂന്നാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

ജനസംസ്‌കൃതി മയൂര്‍ വിഹാര്‍ ഫേസ് 2 അവതരിപ്പിച്ച ദി യൂണിവേഴ്സ് എന്ന നാടകത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കഥാപാത്രത്തെ ജീവസുറ്റതാക്കിയ നവീന്‍ നീലകണ്ഠര് മികച്ച നടാനായി തെരഞ്ഞെടുക്കപ്പെട്ടു. ജനസംസ്‌കൃതി ആര്‍ കെ പുരം ബ്രാഞ്ച് അവതരിപ്പിച്ച ആല്ഫബെഡ് എന്ന നാടകത്തില്‍ നിമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മയൂഖ ഹരി മികച്ച അഭിനേത്രിയായി തെരെഞ്ഞെടുക്കപെട്ടു.

കുപ്പിവെള്ളപുരത്തിലെ അഭിനയത്തിന് ധനസ് ഡി മികച്ച രണ്ടാമത്തെ നടനായും, ജനസംസ്‌കൃതി രോഹിണി ബ്രാഞ്ച് അവതരിപ്പിച്ച നിധി എന്ന നാടകത്തിലെ അഭിനയത്തിന് സ്മിനു വളപ്പില മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നന്മ എ വി, ഗായത്രി എം രമേശ്, അശ്വിന്‍ കെ എന്‍, അനാമിക എസ് ദിനേശ്, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌ക്കാരം സ്വന്തമാക്കി.

രോഹിണി സെക്ടര്‍ 18 ലെ ടെക്‌നിയ ഓഡിറ്റോറിയത്തിലാണ് കുട്ടികളുടെ നാടക മത്സരം അരങ്ങേറിയത്. സഫ്ദര്‍ ഹാഷ്മിയുടെ ഓര്‍മയില്‍ ജനസംസ്‌കൃതി നടത്തിയ 28മത് നാടകോത്സവത്തിന് ഇതോടെ തിരശീല വീണു. സമാപന സമ്മേളനം പ്രഫസര്‍ ഓംചേരി എന്‍ എന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഡോ സാംകുട്ടി പട്ടംകരി, ഡോ ഗുരുവായൂര്‍ ടി വി മണികണ്ഠന്‍, സിനിമ പ്രവര്‍ത്തക ജോളി ചിറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനസംസ്‌കൃതി പ്രസിഡന്റ് ശശികുമാറ്, ജനറല്‍ സെക്രട്ടറി വിനോദ് കമ്മാളത്ത്, എം വി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.