അഹമ്മദാബാദ്: ക്വാര്‍ട്ടറില്‍ പാക്കിസ്ഥാനു മുമ്പില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാതൃകയാക്കണമെന്ന് ടീം കോച്ച് ഒട്ടിസ് ഗിബ്‌സണ്‍. ആപത്ഘട്ടങ്ങളില്‍ എങ്ങിനെ ബാറ്റ്‌ചെയ്യണമെന്നതിനും ടീമിന് പ്രചോദനം നല്‍കണമെന്നതിനും സച്ചിന്‍ ഉദാത്ത മാതൃകയാണെന്നാണ് ഗിബ്‌സണ്‍ പറയുന്നത്.

വെസ്റ്റിന്‍ഡീസ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ സച്ചിനെ മാതൃകയാക്കണം. റണ്‍സിനായി ദാഹിക്കുന്ന താരമാണ് സച്ചിന്‍. ഓരോ മല്‍സരത്തിലും പുതിയ റെക്കോര്‍ഡുകളാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ ടീം ഒരുപരിധി വരെ ഇപ്പോഴും സച്ചിനെയാണ് ആശ്രയിക്കുന്നതെന്നും ഗിബസണ്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ പ്രകടനം തീര്‍ത്തും നിരാശാജനകമാണെന്നും ടീമിന്റെ ദൗര്‍ബല്യങ്ങളെല്ലാം വ്യക്തമാക്കുന്നതാണെന്നും ഗിബ്‌സണ്‍ സമ്മതിച്ചു. ക്രിസ് ഗെയ്ല്‍, ചന്ദര്‍പോള്‍, സര്‍വ്വന്‍, സമി എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.