ദീപാവലിയ്ക്ക് കേരളത്തിലെതിയേറ്ററുകളില്‍ അന്യഭാഷാചിത്രങ്ങളുടെ തരംഗം. ഷാരൂഖിന്റെ രാ വണ്‍ വിജയ് യുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ്, എന്നീ ചിത്രങ്ങളെത്തിയതോടെ പല തിയ്യേറ്ററുകളില്‍ നിന്നും മലയാള ചിത്രങ്ങള്‍ അപ്രത്യക്ഷമായി.

ഈ മൂന്നു ചിത്രങ്ങളും കേരളത്തില്‍ വലിയ തരംഗമാവുകയാണ്. വിജയ് നായകനായ വേലായുധത്തിനാണ് തിരക്കേറുന്നത്. വേലായുധത്തിന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തി വിജയ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടില്ല എന്നര്‍ത്ഥം. ഏഴാം അറിവും രാ വണും ഒട്ടും പിന്നിലല്ല.

തമിഴകത്തെ വിജയ് യോടും സൂര്യയോടും മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇരുവര്‍ക്കം നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. ഇഷ്ടതാരങ്ങളുടെ ഒരേ ദിവസം റിലീസ് ചെയ്തപ്പോള്‍ ഇരുതാരങ്ങളുടേയും ഫാന്‍സുകാര്‍ തമ്മില്‍ ഏറ്റമുട്ടല്‍വരെയുണ്ടായി. തിരുവനന്തപുരത്ത് വിജയ്- സൂര്യ ഫാന്‍സ് ഏറ്റമുട്ടലില്‍ ഒരാള്‍ കുത്തേറ്റിട്ടുണ്ട്.

രാ വണിനുവേണ്ടി ഷാരൂഖ് നടത്തിയ പ്രമോഷന്‍ ജോലികള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഷാരൂഖ് ഈ സിനിമയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഇന്ത്യയൊട്ടാകെ 3,500 കേന്ദ്രങ്ങളിലാണ് രാ വണ്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും ഈ ചിത്രത്തിന് വലിയ സ്‌പെയ്‌സാണ് ലഭിച്ചിട്ടുള്ളത്. 81 കേന്ദ്രങ്ങളിലാണ് രാ വണ്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്‌യുടെ വേലായുധവും സൂര്യയുടെ ഏഴാം അറിവും 111 സെന്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

മുഖ്യനഗരങ്ങളില്‍ ഒന്നിലേറെ തീയറ്റുകളിലാണ് ഈ ചിത്രങ്ങളെല്ലാം കളിക്കുന്നത്. ഇതുപോലൊരു ഓപ്പണിംഗ് ഇതിനുമുമ്പ് മലയാളക്കരയില്‍ അന്യഭാഷാചിത്രങ്ങള്‍ക്കായി ഉണ്ടായില്ല. മലയാളചിത്രങ്ങള്‍പോലും പ്രധാനനഗരങ്ങളില്‍ ഒരേസമയം വിവിധ സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്താറില്ല. അത്തരമൊരു സാഹചര്യത്തിലാണ് അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഈ വിധത്തില്‍ സ്വീകരണം ലഭിക്കുന്നത്.

malayalam news