എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കര്‍ നോമിനേഷന്‍ തയ്യാറായി; ലിങ്കണും പൈയും മുന്നില്‍
എഡിറ്റര്‍
Friday 11th January 2013 11:44am

ലോസ്ആഞ്ജലീസ്: ഓസ്‌കാര്‍ നോമിനേഷനുള്ള സാധ്യതാ പട്ടിക തയ്യാറായപ്പോള്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ പുതിയ ചിത്രമായ ‘ലിങ്കണ്‍’ പന്ത്രണ്ട് നാമനിര്‍ദേശങ്ങളോടെ ഇത്തവണ പുരസ്‌കാരത്തിനുള്ള സാധ്യതാപ്പട്ടികയില്‍ ഒന്നാമതെത്തി.

Ads By Google

ആങ് ലീ സംവിധാനംചെയ്ത ലൈഫ് ഓഫ് പൈ പതിനൊന്ന് നാമനിര്‍ദേങ്ങളുമായി രണ്ടാംസ്ഥാനത്തുണ്ട്. ഈ ചിത്രത്തിലെ തമിഴ് താരാട്ട് രചിച്ചുപാടിയ പ്രശസ്തഗായിക ബോംബെ ജയശ്രീക്കും നോമിനേഷനുണ്ട്.

എബ്രഹാംലിങ്കന്റെ ജീവിതകഥ പറയുന്ന ‘ലിങ്കണ്‍’ മികച്ചചിത്രം, സംവിധാനം, നടന്‍, സഹനടന്‍, സഹനടി തുടങ്ങിയ നോമിനേഷനുകള്‍ നേടി. ആങ് ലീയുടെ ലൈഫ് ഓഫ് പൈ മികച്ചചിത്രം, സംവിധാനം, സംഗീതം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം, വിഷ്വല്‍ ഇഫക്ട്‌സ് തുടങ്ങിയ നാമനിര്‍ദേശങ്ങള്‍ നേടി.

പൈയിലെ താരാട്ടുപാട്ട് മികച്ച ഗാനത്തിനുള്ള നാമനിര്‍ദേശമാണ് നേടിയത്. സംഗീതസംവിധായകന്‍ മൈക്കല്‍ ഡാനയും പാട്ടെഴുതിയ ബോംബെജയശ്രീയും സംയുക്തമായാണ് ഈ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്.

എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രവും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് ഇത്തവണ നാമനിര്‍ദേശം ലഭിച്ചില്ല.

ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡില്‍ അഭിനയിച്ച ഒമ്പതുവയസ്സുകാരി ക്യുവെന്‍സാനെ വാലിസ് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി നേടി. അമോറിലെ സംഗീതാധ്യാപികയുടെ വേഷമഭിനയിച്ച 85 കാരി ഇമ്മാനുള്ളെ റിവയാണ് മികച്ച നടിയുടെ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പ്രായംകൂടിയ നടി.

സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് എന്ന ചിത്രത്തിലഭിനയിച്ച ബ്രാഡ്‌ലി കൂപ്പര്‍, ലിങ്കണിലഭിനയിച്ച ഡാനിയല്‍ ഡേ ലെവിസ്, ലെസ് മിസറബിള്‍സിലെ ഹങ് ജാക്മാന്‍, ദ മാസ്റ്ററിലെ ജോക്വിന്‍ ഫീനിക്‌സ്, ഫ്‌ലൈറ്റിലഭിനയിച്ച ഡെന്‍സെല്‍ വാഷിങ്ടണ്‍ എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളവര്‍.

അമോറിന്റെ സംവിധായകന്‍ മിഷേല്‍ ഹെനെകെയും പുതുമുഖമായ സെയ്ത്‌ലിനും മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിച്ചു. സ്പീല്‍ബര്‍ഗ്, ആങ് ലീ, സില്‍വര്‍ ലൈനിങ്‌സിന്റെ സംവിധായകന്‍ ഡേവിഡ് ഒ റസ്സല്‍ എന്നിവരില്‍ നിന്നുമായിരിക്കും ഇവര്‍ക്ക് മത്സരം നേടിടേണ്ടിവരിക. ഫിബ്രവരി 24 നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

റൊമാന്റിക് കോമഡിയായ സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്കിന് ആറ് പ്രധാന വിഭാഗങ്ങളിലേക്ക് നാമനിര്‍ദേശമുണ്ട്. ആക്ഷന്‍ ത്രില്ലറായ സീറോ ഡാര്‍ക്ക് തേര്‍ട്ടി, ആര്‍ഗോ, ലെസ് മിസറബിള്‍സ്, ടരാന്റിനോയുടെ ഡിജാഗോ അണ്‍ചെയ്ഞ്ച്ഡ്, ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്, ഫ്രഞ്ച് ചിത്രമായ അമോര്‍ എന്നിവയടക്കം ഒമ്പത് സിനിമകളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. മറ്റു വിഭാഗങ്ങളില്‍ അഞ്ചുപേര്‍ക്കുവീതമാണ് നോമിമേഷന്‍.

Advertisement