ദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഉത്തേജക വിവാദം പുറത്തുവരുന്നു. വനിതകളുടെ 100 മീറ്ററില്‍ ചാമ്പ്യനായ നൈജീരിയയുടെ ഒസയേമി ഒലുഡാമോളയാണ് നിരോധിക്കപ്പെട്ട ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മേധാവി മൈക്ക്് ഫെന്നലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരോധിക്കപ്പെട്ട മീതൈല്‍ ഹെക്‌സാനമീന്‍ എന്ന വസ്തുവാണ് ഒലുഡാമോള ഉപയോഗിച്ചതെന്ന് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പരിശോധനയുടെ ഫലം കൂടി പുറത്തുവരാനുണ്ടെന്നും പരിശോധനിയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി താരത്തെ വിലക്കിയിട്ടുണ്ടെന്നും ഫെന്നല്‍ പറഞ്ഞു.

വനിതകളുടെ വിവാദമായ 100 മീറ്ററില്‍ ആസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒലുഡാമോള ചാമ്പ്യനായത്. ഫൗള്‍ സ്റ്റാര്‍ട്ട് ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് പിയേഴ്‌സണ് ഒന്നാംസ്ഥാനം നിഷേധിക്കുകയായിരുന്നു.