osama-with-familyഉസാമ ബിന്‍ ലാദനെ കുറ്റപ്പെടുത്തുന്നവരും, അനുകൂലിക്കുന്നവരും ഒരു പോലെ അംഗീകരിക്കേണ്ട ഒരു കാര്യമുണ്ട്. കുടുംബ നായകനെന്ന പേരില്‍ ലാദന്‍ നടത്തിയ മികച്ച പ്രകടനമാണത്. അല്‍ഖ്വയ്ദ എന്ന സംഘടനയെ മാത്രമല്ല, തന്റെ വലിയ കുടുംബത്തെയും ഇത്രയും കാലം നയിച്ചു.

അബോട്ടാബാദിലെ ഉസാമയുടെ മൂന്ന് നില വീട്ടില്‍ അദ്ദേഹത്തോടൊപ്പം മുന്ന് ഭാര്യമാരും 13 കുട്ടികളുമാണുണ്ടായിരുന്നത്. പാക്കിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ് ഉസാമ. ലോകം മുഴുവന്‍ തന്നെ തേടി നടക്കുന്ന അമേരിക്ക മറുവശത്ത്. ഈ പ്രതിസന്ധിയെല്ലാമുണ്ടായിട്ടും ഇത്രയും പേര്‍ ഈ വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞു. തൊട്ടടുത്തുള്ള പാക് സൈനിക കേന്ദ്രത്തിലുള്ളവര്‍ പോലും അറിയാതെ.

ഉസാമയുടെ വീട്ടില്‍ നിന്നും പിടിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യമാരും കുട്ടികളും വാതോരാതെ പറയുന്നതും ഈ നേതൃത്വഗുണത്തെക്കുറിച്ചാണ്. ഇസ്‌ലാമാബാദിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അബോട്ടാബാദിലെ വീട്ടില്‍ കഴിഞ്ഞിരുന്ന നാല് കുടുംബങ്ങളും പരസ്പരം സ്‌നേഹത്തോടെയും സഹകരണത്തോടെയുമാണ് ഇത്രയും കാലം ജീവിച്ചത്. ഇതിന്റെയെല്ലാം ക്രഡിറ്റ് പിതാവിനാണെന്നാണ് ഉസാമയുടെ പന്ത്രണ്ടുവയസുകാരിയായ മകള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പകലുമുഴുവന്‍ വീടിന്റെ ഒരു മൂലയില്‍ ചടഞ്ഞുകൂടുന്ന സ്വഭാവമായിരുന്നു ലാദന്റതെന്നാണ് അദ്ദേഹത്തിന്റെ യെമന്‍ കാരിയായ ഭാര്യ അമല്‍ അഹമ്മദ് അബ്ദല്‍ ഫാത്തെ പറയുന്നത്. ഉസാമയെ കാണാനായി വീട്ടിലെത്തുന്നവര്‍ മിക്കവാറും രാത്രി മാത്രമേ വരാറുള്ളൂ. ഉസാമ എല്ലായ്‌പ്പോഴും വായനയിലായിരിക്കും. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്റേതുള്‍പ്പെടെ ഒരുപാട് പുസ്തങ്ങള്‍ ലാദന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ആ മൂന്ന് നില വീടിനെ കൊട്ടാരമെന്നൊന്നും വിളിക്കാന്‍ കഴിയില്ല. അതൊരു സാധാരണ വീടായിരുന്നു. അതിനുള്ളിലുള്ളവരുടെ ജീവിതവും വളരെ ലളിതമായിരുന്നു. ഇവിടെ നിന്ന് നാല് ഗ്യാസ് കണക്ഷനും നാല് ഇലക്ട്രിക് മീറ്ററുകളും ഉപയോഗിക്കുന്നുണ്ട്.

ഈ കൊച്ചുവീട്ടിനുള്ളില്‍ കുടുംബവഴക്കില്ലാതെ എങ്ങിനെയാണ് ഉസാമ നയിച്ചതെന്നാണ് പാക്കിസ്ഥാന്‍ പോലീസിന്റെ സംശയം. പാക്കിസ്ഥാനിലെ കുടുംബങ്ങളില്‍ ഉസാമയുടെ മരണമല്ല ചര്‍ച്ചാവിഷയം അവരുടെ ചിന്തിക്കുന്നത് ആ വലിയ കുടുംബത്തെ അദ്ദേഹം എങ്ങിനെ ഇത്ര നന്നായി നയിച്ചു എന്നതിനെക്കുറിച്ചാണ്.

കുട്ടികളെ പഠിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതുമെല്ലാം ഉസാമയും ഭാര്യമാരും തന്നെ. ഉസാമയെപ്പോലെ കുട്ടികളും ബഹുഭാഷാ പണ്ഡിതരാണ്. ഉസാമയുടെ 12 കാരിയായ മകള്‍ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കും.