അഫ്ഗാനിസ്ഥാന്‍: ഡിസംബര്‍ 25ന്റെ അമേരിക്കന്‍ വിമാന ആക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ പുതിയ ഓഡിയോ ടാപ്പ്‌. അല്‍ജസീറ ചാനലിനാണ് ടാപ് ലഭിച്ചത്. ഫലസ്തീന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ശക്തമായ ആക്രമണങ്ങള്‍ നേരിട്ടുകൊള്ളാന്‍ ടാപ്പില്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഷൂട്ട് ചെയ്തതാണ് വീഡിയോയെന്ന് കരുതുന്നു.

‘ഫലസ്തീന്‍ ജനതക്ക് സമാധാനം നല്‍കാതെ സമാധാനമായി ഉറങ്ങാമെന്ന് അമേരിക്ക കരുതേണ്ട. 2001 സെപ്തംബര്‍ 11ന്റെ ആക്രമണത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ ഡിസംബറില്‍ നടന്നത്. ഇസ്രായേലിനെ പിന്തുണക്കുന്നിടത്തോളം കാലം നിങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകും’ -ടാപ്പില്‍ ഉസാമ വ്യക്തമാക്കുന്നു.

Subscribe Us:

ഡിസംബര്‍ 25ന് അമേരിക്കന്‍ വിമാനത്തില്‍ സ്‌ഫോടനത്തിന് ശ്രമിച്ച നൈജീരിയന്‍ യുവാവ് അബ്ദുല്‍ മുത്തലിബ് പിടിയിലായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പ്രയോഗിക്കുന്നതിനിടെ സഹയാത്രക്കാര്‍ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. സ്‌ഫോടനം നടന്നാല്‍ വന്‍ദുരന്തത്തിന് അത് കാരണമാവുമായിരുന്നു. അബ്ദുല്‍ മുത്തലിബിന് അല്‍ഖാഇദ ബന്ധമുള്ളതായി അമേരിക്ക ആരോപിച്ചിരുന്നു.