വാഷിങ്ടണ്‍ : 2001ല്‍ ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായപ്പോള്‍ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്‍ ഏറെ സന്തോഷിച്ചിരുന്നതായി ഉസാമയുടെ മൂത്ത പുത്രന്‍ ഒമര്‍ ബിന്‍ ലാദന്റെ വെളിപ്പെടുത്തല്‍. ജോര്‍ജ് ബുഷ് ഭീകര വിരുദ്ധ യുദ്ധത്തിനായി വന്‍ തോതില്‍ പണം ചെലവഴിച്ച് അമേരിക്കയുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്ന് പിതാവ് ചിന്തിച്ചിരുന്നെന്നും ഉമര്‍ വ്യക്തമാക്കുന്നു.

‘ ജോര്‍ജ് ബുഷ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതില്‍ എന്റെ പിതാവ് ഏറെ സന്തോഷവാനായിരുന്നു. യുദ്ധത്തിനായി പണം ചെലവഴിച്ച് ബുഷ് അമേരിക്കയെ പാപ്പരാക്കുമെന്ന് പിതാവ് ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒബാമ പ്രസിഡണ്ടായതില്‍ ഉസാമ തീര്‍ത്തും നിരാശനായിരിക്കും. മക്കെയ്ന്‍ പ്രസിഡണ്ടാവുന്നതായിരുന്നു പിതാവിനിഷ്ടം. മക്കെയ്ന്‍ ബുഷിന്റെ അതേ നിലപാടുകള്‍ പിന്തുടര്‍ന്ന് അമേരിക്കയെ കൂടുതല്‍ അപകടത്തില്‍പ്പെടുത്തുമായിരുന്നു. ഉമര്‍ ഒരു മാഗസിന് അനുവദിച്ച അഭമുഖത്തില്‍ വ്യക്തമാക്കി.

Subscribe Us:

പിതാവിന്റെ പരിശീലന ക്യാമ്പ് ആക്രമിച്ച നടപടിയിലൂടെ ബില്‍ക്ലിന്റണ്‍ ശക്തനായ ഭരണാധികാരിയിരുന്നെന്ന് തെളിച്ചിരുന്നു. എന്നാല്‍ നൂറ് കണക്കിന് ബില്യണ്‍ ഡോളറുകള്‍ ചെലവഴിച്ചിട്ടും എന്റെ പിതാവിനെ അവര്‍ക്ക് പിടികൂടാനായില്ല. സ്വന്തം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഈ പണം ഉപയോഗിക്കുകയാണ് അമേരിക്കക്ക് ഉചിതമെന്നും ഉമര്‍ വ്യക്തമാക്കി.