ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ മരണത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പെന്റഗണ്‍ സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രതിനിധി രംഗത്ത്. ഹോംലാന്റ് സെക്രട്ടറി പീറ്റര്‍ കിംങാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

അമേരിക്ക അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്ററിന്റെ വാദം ഇതു സംബന്ധിച്ച് പെന്റഗണിനും സി.ഐ.ഐയ്ക്കും കത്തയച്ചുവെന്നും പീറ്റര്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇത് സിനിമാ രൂപത്തില്‍ വരുമെന്ന് പറഞ്ഞ് പല സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നിലെ ബുദ്ധിമുട്ടും മറ്റും മുന്‍കൂട്ടി കണ്ട് പലരും പിന്മാറി.

2010ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍  ബിഗേലോ ലാദന്‍ ചിത്രവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്റഗണിന്റെ സഹകരണമില്ലാതെ ഈ ചിത്രവുമായി മുന്നോട്ടുപോകുക അസാധ്യമാണ്. അതിനാല്‍ കാതറീന് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

2012 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം തിയ്യേറ്ററിലെത്തിക്കാനായിരുന്നു കാതറീന്റെ തീരുമാനം. ഇങ്ങനെ പോകുകയാണെങ്കില്‍ അതേതായാലും നടക്കില്ലെന്നുറപ്പാണ്.