ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ലാദന്റെ അംഗരക്ഷകന്‍ ആയിരുന്ന അല്‍ ഖ്വയ്ദ പ്രവര്‍ത്തകനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. അല്‍ ഖ്വയ്ദയുടെ മുതിര്‍ന്ന കമാന്‍ഡറും കൂടിയായിരുന്ന അമീന്‍ അല്‍ ഹഖിനെയാണ് പാക്കിസ്ഥാന്‍ വിട്ടയച്ചത്. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ലാഹോറില്‍ നിന്നായിരുന്നു ഇയാളെ പിടിച്ചിരുന്നത്.

കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദനുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതി ഇയാളെ മോചിപ്പിച്ചത്.

2001ലാണ് ഇയാള്‍ ബിന്‍ ലാദനൊപ്പം ചേര്‍ന്നത്. ലാദന്റെ സുരക്ഷാ ചുമതലയായിരുന്നു ഇയാള്‍ വഹിച്ചിരുന്നത്. ഈ മാസം ആദ്യമാണ് ഹഖിനെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമീനെ മോചിപ്പിച്ച വാര്‍ത്ത രഹസ്യമാക്കി വെച്ചിരിക്കുകയായരുന്നു പാക് അധികൃതര്‍.

ഭീകരസംഘടനകളായ ഹഖാനി ഗ്രൂപ്പിനെയും ലഷ്‌കറെ ത്വയ്ബയെയും നിയന്ത്രിക്കുന്നതു ഐ.എസ്.ഐയാണെന്ന യു.എസ് സൈനിക കമാന്‍ഡര്‍ മൈക്ക് മുള്ളന്റെ വെളിപ്പെടുത്തലുകള്‍ വന്നത് കഴിഞ്ഞ ദിവസമായിരുന്നു.