എഡിറ്റര്‍
എഡിറ്റര്‍
ലാദന്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല: യു.എസ് സൈനികന്റെ പുസ്തകം വിവാദമാകുന്നു
എഡിറ്റര്‍
Thursday 30th August 2012 10:24am

വാഷിങ്ടണ്‍: അല്‍-ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന്റെ മരണവുമായി ബന്ധപ്പെട്ട് യു.എസ് നേവി ഉദ്യോഗസ്ഥന്റെ പുസ്തകം വിവാദമാകുന്നു. ബിന്‍ലാദന്റെ മരണത്തെക്കുറിച്ച് അമേരിക്ക പുറത്തുവിട്ട വാര്‍ത്തകളെ ഖണ്ഡിക്കുന്നതാണ് പുസ്തകം.

Ads By Google

യു.എസ് നേവി കമാന്റോസ് ബിന്‍ലാദന്റെ അബോട്ടാബാദിലെ വസതിയിലെത്തുന്ന സമയത്ത് അദ്ദേഹം നിരായുധനും തലയ്ക്ക് വെടിയേറ്റ നിലയിലുമായിരുന്നെന്നാണ് പുസ്തകത്തില്‍ പറയുന്നത്. മാര്‍ക്ക് ഓവന്‍ എന്ന പേരിലാണ് സൈനിക ഉദ്യോഗസ്ഥന്‍ പുസ്തകം എഴുതിയത്.

ബിന്‍ലാദനെ കണ്ടെത്തുന്നതിനായി അബോട്ടാബാദിലെ ലാദന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പങ്കാളിയായിരുന്നു ഈ സൈനിക ഉദ്യോഗസ്ഥന്‍. സൈനിക ഉദ്യോഗസ്ഥര്‍ റൂമിലെത്തുന്ന സമയത്ത് ലാദന്‍ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു. വീടിനുള്ളില്‍ ചെറിയ സ്റ്റെയര്‍കേസിലൂടെ സൈനിക ഉദ്യോഗസ്ഥര്‍ മുന്നോട്ടേക്ക് കയറുമ്പോള്‍ മുകളില്‍ നിന്നും ഒരാള്‍ എത്തിനോക്കുന്നത് കണ്ടു. മുകളിലെത്താന്‍ വെറും അഞ്ച് പടികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് താനൊരു വെടിയൊച്ച കേട്ടുവെന്നും ഓവന്‍ പറയുന്നു.

അബോട്ടാബാദിലെ വസതിയിലേക്ക് സൈനികര്‍ പ്രവേശിച്ചപ്പോള്‍ ലാദന്‍ അയുധങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാദന്‍ തീര്‍ത്തും നിരായുധനായിരുന്നെന്നാണ് ഓവന്‍ എഴുതിയത്.

സൈനികര്‍ റൂമിലേക്ക് കയറുമ്പോള്‍ ബിന്‍ലാദന്റെ ശരീരത്തനടുത്ത് നിന്ന് രണ്ട് സ്ത്രീകള്‍ കരയുന്നതാണ് കണ്ടത്. വെളുത്ത സ്ലീവ്‌ലെസ് ടി  ഷര്‍ട്ടും പാന്റുമാണ് ലാദന്‍ ധരിച്ചിരുന്നത്. തലയില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ആ സമയത്തും അദ്ദേഹം പിടയ്ക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് സൈനികര്‍ അദ്ദേഹത്തിനുനേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.

നേരത്തെ പുറത്തുവിട്ട വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി അവിടെ 40 മിനിറ്റ് നീണ്ട പോരാട്ടമൊന്നും നടന്നിട്ടില്ലെന്നും പുസ്തകത്തില്‍ ഓവന്‍ പറയുന്നു.

ലാദന്റെ  മുറിയില്‍ രണ്ട് തോക്കുകളാണുണ്ടായിരുന്നു. ഒരു എ.കെ-47നും മാര്‍കോവ് പിസ്റ്റളും. മുതിര്‍ന്ന കമാന്റര്‍മാരോ, അഭിഭാഷകരോ പെന്റഗണോ വൈറ്റ് ഹൗസോ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഓവന്‍ പറയുന്നു.

ലാദനെ വധിച്ചശേഷം എല്ലാ ബഹുമതികളോടും കൂടിയാണ് സംസ്‌കരിച്ചതെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹെലികോപ്റ്ററില്‍ സംസ്‌കാരത്തിന് കൊണ്ടുപോകുമ്പോള്‍ ഏറ്റവും മോശമായ നിലയിലാണ് കൈകാര്യം ചെയ്തത്. നിലത്ത് സൈനികരുടെ കാല്‍ച്ചുവട്ടിലാണ് മൃതദേഹം കിടത്തിയിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

‘നോ ഈസി ഡേ’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം സെപ്റ്റംബര്‍ പതിനൊന്നിനാണ് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത് സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.

ലാദന്റെ മരണം അമേരിക്കയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായെങ്കിലും ഇക്കാര്യത്തില്‍ വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുസ്തകത്തെപ്പറ്റി പുറത്തുവിട്ടിരിക്കുന്ന പരസ്യങ്ങളും മറ്റും സി.ഐ.എയുടെയും പെന്റഗണിന്റെയും കര്‍ക്കശ പരിശോധനയിലാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യവും പുസ്തകത്തില്‍ പറഞ്ഞിട്ടില്ലെന്ന് ഓവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement