വാഷിംഗ്ടണ്‍: അല്‍ ഖയിദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധത്തോടെ അമേരിക്കന്‍ പൗരന്‍മാര്‍ക്കു നേരെയുള്ള തീവ്രവാദ ഭീഷണി വര്‍ധിച്ചതായി യു എസ് ഭരണകൂടം വ്യക്തമാക്കി. ഭീഷണി നിലനില്‍ക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് യു എസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വിമാനറാഞ്ചല്‍ , തട്ടിക്കൊണ്ടുപോകല്‍, ചാവേറാക്രമണം തുടങ്ങിയ പദ്ധതികളാണ് തീവ്രവാദികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് സൂചന. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലാണ് ആക്രമണസാധ്യത കൂടുതലുള്ളത്.

ഏഷ്യയിലെയും യൂറോപ്പിലെയും ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം നടത്തിയ സൈനികനടപടികളില്‍ കഴിഞ്ഞ മെയ് 2 നാണ് ഉസാമ കൊല്ലപ്പെടുന്നത്. ലാദന്റെ വധത്തെത്തുടര്‍ന്ന് അമേരിക്കയ്ക്കു ഭീഷണിയുമായി അല്‍ ഖയിദയുള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ രംഗത്തു വന്നിരുന്നു.