മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ നായകരാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ഒരു നാള്‍ വരും എന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റുന്നു. സമീറ റെഡ്ധി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായ ഒരു നാള്‍ വരും താര സമ്പുഷ്ടമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചിരുന്നില്ല.

സര്‍ക്കാര്‍ തലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ പ്രമേയമാക്കിയാണ് രാജീവ് കുമാര്‍ ചിത്രമൊരുക്കിയത്. നെടുമുടി വേണു, ദേവയാനി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ അഴിമതി നടത്തുന്നവരെ കുടുക്കാനായി വേഷം കെട്ടിയിറങ്ങുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടിയും അനുബന്ധ നടപടികള്‍ക്കുമായി ടൗണ്‍ പ്‌ളാനിംഗ് ഓഫീസിന്റെ പടികള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരനായി അദ്ദേഹം അന്വേഷണം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത്.

മലയാളത്തില്‍ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയ ചിത്രം തമിഴിലേക്ക് മൊഴി മാറ്റി വിജയം കാണാമെന്ന പ്രതീക്ഷയിലാണ് സംവിധായകനിപ്പോള്‍. തമിഴ് നടന്‍ ശരത് കുമാര്‍ നായകനായ ദി മെട്രോ എന്ന ചിത്രം തമിഴിലേക്ക് മൊഴി മാറ്റുന്നുണ്ട്. ഈ ചിത്രവും മോളിവുഡില്‍ പൊട്ടിത്തകരുകയായിരുന്നു.