Categories

പ്രിയനും കോപ്പിയടീം പി. മാധവന്‍ നായരും

arabiyum-ottakavum

സിനിമ: അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ

സംവിധാനം: പ്രിയദര്‍ശന്‍

നിര്‍മ്മാണം: നവീന്‍ ശശിധരന്‍, വി.അശോക് കുമാര്‍

കഥ: അഭിലാഷ് മേനോന്‍

സംഗീതം: എം.ജി ശ്രീകുമാര്‍

ഛായാഗ്രഹണം: അഴകപ്പന്‍

ഫസ്റ്റ് ഷോ / റഫീഖ് മൊയ്തീന്‍

ലയാളത്തില്‍ പ്രിയദര്‍ശന്‍ ഇതിനു മുന്‍പ് പ്രയോഗിച്ച ചേരുവകളെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ, മുഴുനീളെ ‘പ്രിയദര്‍ശന്‍ ടച്ച്’ പതിഞ്ഞിരിക്കുന്ന ചിത്രമാണ് ‘അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ’ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. വിചിത്രകല്‍പനകള്‍ക്ക് ഹാസ്യത്തിന്റെ പിന്‍ബലം നല്‍കി കഥപറയുന്ന പ്രിയദര്‍ശന്‍ ശൈലി തന്നെയാണ് ഈ സിനിമയിലും കാണാന്‍ സാധിച്ചത്.

മോഹന്‍ലാലും മുകേഷും ലക്ഷ്മിറായിയും ഭാവനയുമാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്. ‘അറബീം ഒട്ടകോം പി. മാധവന്‍ നായരും’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. ഈ പേര് അറബികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഗള്‍ഫ് മലയാളികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും ആക്ഷേപം ഉയര്‍ന്നതിനാല്‍ ‘ഇന്‍ ഒരു മരുഭൂമിക്കഥ’ കൂടി ചേര്‍ക്കുകയായിരുന്നു.

arabiyum-ottakavum

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ഇറങ്ങിയപ്പോള്‍ പ്രതീക്ഷച്ചത്ര ആളുകള്‍ തിയ്യറ്ററില്‍ ഇല്ലായിരുന്നു. സാധാരണ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് തടിച്ചു കൂടുന്ന ഫാന്‍സുകാരെപ്പോലും കോഴിക്കോട്ടെ കോറണേഷന്‍ തിയ്യറ്റര്‍ പരിസരത്തു കണ്ടില്ല. വൈകുന്നേരം 5.30ന്റെ ഷോയ്ക്ക് പടം തുടങ്ങുമ്പോഴും ബാല്‍ക്കണിയില്‍ പല സീറ്റുകളും കാലിയായിക്കിടക്കുകയായിരുന്നു. ഇനി കോറണേഷന്‍ തിയ്യറ്റര്‍ ആയതു കൊണ്ടാണോ ആളുകയറാത്തത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, രണ്ടര മണിക്കൂര്‍ ഈ തിയ്യറ്ററിനുള്ളില്‍ ഇരിക്കുകയെന്നാല്‍ സ്റ്റീം ബാത്ത് ചെയ്യുന്നത് പോലെയാണ്.

പേരുപോലെ തന്നെ മരുഭൂമിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പതിനാലു വര്‍ഷം മുന്‍പ് തറവാടു പറമ്പ് വിറ്റ് പ്രാരാബ്ധങ്ങള്‍ മാത്രം കൈമുതലാക്കി അബൂദാബിയിലെത്തിയ പി. മാധവന്‍ നായരെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ ചുറ്റിയാണ് കഥ മുഴുവന്‍ നീങ്ങുന്നത്. അബ്ദു എന്ന മുകേഷ് അവതരിപ്പിക്കുന്ന കാഥാപാത്രം മാധവന്‍ നായരോടൊപ്പം ചിത്രത്തിലുടനീളം ഒരു ഉപഗ്രഹം കണക്കെ കറങ്ങുന്നുണ്ട്.

അവിചാരിതമായി കണ്ടുമുട്ടി പരിചയപ്പെട്ട ലക്ഷ്മിയുമായുള്ള (ലക്ഷ്മി റായി) വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, മാധവന്‍ നായര്‍ ഒരു ദിവസം രാത്രി ലക്ഷ്മിയുടെ വീട്ടിലെത്തുമ്പോള്‍ മറ്റൊരാളോടൊപ്പം അവളെ ബെഡ്‌റൂമില്‍ കാണുന്നു. മാനസികമായി തകര്‍ന്ന മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതോടെയാണ് കഥ വേഗത്തില്‍ നീങ്ങാന്‍ തുടങ്ങുന്നത്. കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന അബ്ദു മാധവന്‍ നായരുടെ ഓഫീസില്‍ ജോലി അന്വേഷിച്ചെത്തിയിരുന്നു. ജോലി നല്‍കാതിരുന്ന മാധവന്‍ നായരോട് പകരം ചോദിക്കാനെത്തുന്ന അബ്ദു ആത്മഹത്യ ചെയ്യാന്‍ പോകുന്ന അയാളുടെ കാറില്‍ കയറിപ്പറ്റി, ഇരുവരും മരുഭൂമിയുടെ നടുവില്‍ എത്തിപ്പെടുന്നു. വളരെ മനോഹരമായി തന്നെ അഴകപ്പന്‍ മരുഭൂമിയെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

mohanlal-in-arbiyum-ottakav

മാധവന്‍ നായരും അബ്ദുവും (മോഹന്‍ലാലും മുകേഷും) ഒന്നിച്ച പല സീനുകളും പലപ്പോഴും ‘കാക്കക്കുയിലി’നെ ഓര്‍മ്മിപ്പിച്ചു. ചിത്രത്തിന്റെ കഥാഗതിയാകട്ടെ മിക്കപ്പോഴും ‘വെട്ട’ത്തിനു സമാനമായി. മാമുക്കോയ ചിത്രത്തില്‍ അവതരിപ്പിച്ച ഭായ് എന്ന കഥാപാത്രത്തിന്റെ മകന്റെ കല്ല്യാണത്തിലെ സീനുകള്‍, ‘വെട്ടം’ സിനിമയിലെ ക്ലൈമാക്‌സില്‍ ഹോട്ടലില്‍ നടക്കുന്ന വിവാഹ പാര്‍ട്ടിയിലേതിനു സമാനമായി തോന്നി.

സ്വയം ‘കിഡ്‌നാപ്പ്’ ചെയ്ത എലീന (ഭാവന) മരുഭൂമിയില്‍ വെച്ച് മാധവന്‍ നായരുടെയും അബ്ദുവിന്റെയും തലയിലാകുന്നതോടെയാണ് നെടുമുടി വേണു, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞൂറാമൂട് തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നത്. മാനറിസങ്ങളുടെ ആവര്‍ത്തന വിരസതയുടെ പേരില്‍ ധാരാളം പഴികേട്ടതിനാലാവണം സുരാജിന്റെ കോയ എന്ന കാഥാപത്രത്തിന്റെ കോമഡി വലിയ ബോറായി തോന്നിയില്ല. മുകേഷിന്റെ അബ്ദുവാണ് മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും അഭിനയ മികവ് കൊണ്ട് ചിത്രത്തില്‍ ഒരുപടി മുന്നിട്ടു നില്‍ക്കുന്നു.

സംഗീത സംവിധാനം നിര്‍വ്വഹിച്ച എം.ജി ശ്രീകുമാര്‍ വലിയ ഗവേഷണങ്ങള്‍ തന്നെ ചിത്രത്തിനായി നടത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഈജിപ്ഷ്യന്‍ സംഗീതജ്ഞനും സമകാലിക പോപ് സംഗീത സംവിധായകനും ഗായകനുമായ അംറ് ദിയാബിന്റെ (Amr Diab) ‘റൂഹി മെര്‍തഹാലിക്’ (Rohy Mertahlak) എന്ന ഗാനത്തിന്റെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിലെ ‘മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ശ്രീക്കുട്ടനെ വെട്ടിലാക്കിയിരുന്നു. യൂ ട്യൂബില്‍ ഒന്നു കയറിയാല്‍ ശ്രീക്കുട്ടന്റെ വാദം തെറ്റാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ചിത്രത്തിലെ മറ്റൊരു ഗാനമായ ‘മനസുമയക്കി’ക്ക് ഉസ്താദിലെ ‘ചിലു ചിലു’ എന്ന ഗാനവുമായി സാമ്യമുണ്ടെന്നും ആരോപണമുണ്ട്.

പക്ഷേ മോഷണം അവിടെയും തീരുന്നില്ലെന്നാണ് മനസ്സിലായത്. മരുഭൂമിയില്‍ വെച്ച് എലീനയുടെ അഛന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങാനെത്തുന്ന മാധവന്‍ നായരും അബ്ദുവും മിഖാസിങ്ങിന്റെ മുന്‍പില്‍ പെടുന്ന സീന്‍ മുതല്‍ കാശില്ലാതെ എലീനയുടെ അടുത്ത് തിരിച്ചെത്തുന്ന സീന്‍ വരെയുള്ള പശ്ചാത്തലത്തില്‍ ഒരു ചെറിയ മ്യൂസിക് ബിറ്റ് കേള്‍ക്കുന്നുണ്ട്. അതും ഒരു ഇന്റര്‍നാഷണല്‍ കോപ്പിയടിയാണെന്ന് ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലായിക്കാണും. ‘ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി’ (The Good, the Bad and the Ugly) എന്ന 1966ല്‍ പുറത്തിറങ്ങിയ ക്ലിന്റ് ഈസ്റ്റ്‌വുഡും ലീന്‍ വാന്‍ ക്ലീഫും തകര്‍ത്തഭിനയിച്ച വിഖ്യാത ഇറ്റാലിയന്‍ ചിത്രത്തിലെ സിഗ്‌നേച്ചര്‍ ട്യൂണായി പ്രശസ്തമായ മ്യൂസിക് ബിറ്റ് ആണത്. ലോകം ഒരു വിരല്‍ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് ആര്‍ക്കും ആരെയും പറ്റിക്കാനാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നാവും.

ഒന്നുമില്ലാത്ത സംഗതിയില്‍ നിന്നാണ് ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത്. ക്ലൈമാക്‌സ് കണ്ട ജനം കൂവുന്നതാണ് കേട്ടത്. രണ്ടു മിനുട്ട് നേരത്തോളം നീണ്ടുനിന്ന കൂവലില്‍ ക്ലൈമാക്‌സിലെ സംഭാഷണങ്ങള്‍ മുങ്ങിപ്പോയി. പലപ്പോഴായി പല സിനിമകളില്‍ കണ്ടു പരിചയിച്ച സീനുകള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ ഒരു പടം കണ്ട പ്രതീതിയാണ് തിയ്യറ്ററില്‍ നിന്ന് പുറത്തിങ്ങിയപ്പോള്‍ എനിക്ക് ഉണ്ടായത്.

Key words: Oru Marubhoomikkadha-film Review/Criticism, Oru Marubhumikatha-film Review/Criticism, Priyadarsan, Mohanlal, Malayalam film review

Malayalam News

Kerala News in English

22 Responses to “പ്രിയനും കോപ്പിയടീം പി. മാധവന്‍ നായരും”

 1. cheguevera

  താങ്കള്‍ എവിടെയാണ് പടം കണ്ടെന്നതെന്നും അവിടുത്തെ നിലവാരം എന്തെന്നും , അത്ലുപരി താങ്കളുടെ നിലവാരം എന്തെന്നും ഇതിലൂടെ മനസിലാക്കാം നിരൂപക….
  ദയവു ചെയ്തു താങ്കള്‍ ഒരിക്കലും ആരുടേയും പടം കാണാതിരിക്കാന്‍ ശ്രമിക്കുക്ക…
  താങ്കളുടെ ഈ റിവ്യൂ വായിച്ചിട്ട് ആരെങ്കിലും ഈ പടം കാണാന്‍ പോകുമെന്ന് തോന്നുന്നുണ്ടോ ?
  ദൂല്‍നെവ്സ്.com പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു..
  ഒരു നടനോട് maatram anubhaavam pularthunna നിങ്ങളുടെ ശ്രമം തുടര്‍ന്നാല്‍ നിങ്ങളുടെ ഈ സൈറ്റ് അക്രമിക്കപ്പെട്ടെക്കാം..
  ..
  കഴിഞ്ഞ വര്‍ഷത്തെ മോശം നാടാണ്‌ മോഹന്‍ലാലിനു കൊടുത്തപ്പോള്‍ ഇക്കൊല്ലം നിങ്ങള്‍ ആര്‍ക്കു കൊടുക്കുമെന്ന് ഞങ്ങള്‍ക്ക് കാണണം.. നിങ്ങളുടെ മാട്യമ ധര്‍മം എന്താണെന്നു ഞങ്ങളും ariyatte..
  ൩ പടങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് മോശം നടനുള്ള അവാര്ടുകൊടുത്ത നിങ്ങള്‍ ഇക്കൊല്ലം ഒരു മേഗസ്ടാരിന്റെ ൫ പദങ്ങളാണ് നിലം തൊടാതെ പോയത്.. കാണാം ആ അവാര്‍ഡ്‌ പ്രഗിപ്പിക്കുമ്പോള്‍…

  .
  അല്ല “ദൂല്‍നെവ്സ്” നിങ്ങള്ക്ക് ഉളുപ്പില്ലേ ഇത്തരം തരംതാഴ്ന്ന രേവിഎവ്സ് ഒക്കെ ഇടാന്‍ ????????

 2. Vipin

  ഈ വെട്ടിക്കൂട്ട്‌ ചെയ്യണോ പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് വീണ്ടും വന്നത്?ബോളിവുഡില്‍ remake കളിച്ചിരുന്നാല്‍ പോരെ ആയിരുന്നു.

 3. PRATHEESH

  പടം വെറും പൊളി… ഇതിലെ തമാശ കേട്ട് ശരിക്കും കരച്ചില്‍ ആണ് വന്നത്… അത്രയ്ക്കും ബോറന്‍ വളിപ്പന്‍ കോമഡി……. പ്രിയദര്‍ശന്‍ ഇനി ലാലേട്ടനെ വച്ച് കോമഡി പടം എടുക്കില്ല എന്ന് പറഞ്ഞത് ഇത് കണ്ടപ്പോള്‍ മനസ്സിലായി…. ഇത് കാണുമ്പോള്‍ ആലോചിച്ചത് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം, താളവട്ടം, കിലുക്കം, വന്ദനം, ചന്ദ്രലേഖ, ആര്യന്‍, തേന്മാവിന്‍ കൊമ്പത്ത് എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളെ പറ്റിയാണ്.. ഇത്രയും മികച്ച മലയാള സിനിമകള്‍ നമുക്ക് സമ്മാനിച്ച പ്രിയദര്‍ശന്‍ എന്തിനു വേണ്ടിയാണ് ഇത് പോലൊരു പടം ഇറക്കിയത്… പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ പടം വളരെ പ്രതീക്ഷയോടെ തിയാറ്റരില്‍ പോയ എന്നെ പോലെ ഉള്ള പ്രക്ഷകര്‍ക്ക് വളരെ നിരാശയാണ് ലഭിച്ചത്…

 4. Kareem

  ചെഗുവേരെ …ബ്ലോഗുകളും കൂടി വാഴിക്കു ..
  http://priyacinemas.blogspot.com/2011/12/arabiyum-ottakavum-p-madhavan-nairum.html
  http://balcony40.blogspot.com/2011/12/blog-post.html

 5. Abu Anas

  താങ്കളുടെ മറ്റു നിരൂപണങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ, ഞാന്‍ പടം കണ്ടില്ലെങ്കിലും താങ്കള്‍ പറഞ്ഞത് 100% ശരി ആയിരിക്കും …ഒരു innovative idea മലയാളത്തില്‍ അപൂര്‍വമായേ കാണുന്നുള്ളൂ എന്നത് ഖേദകരമായ വസ്തുത തന്നെ. ഒരു forkula യില്‍ ഒരു പടം വിജയിച്ചാല്‍ പിന്നെ അതെ ചുറ്റിപ്പറ്റി യാവും മറ്റു പല സിനിമകളും .. പ്രിയന്റെ ഹിറ്റായ പല പടങ്ങള്‍ക്കും ഒരു സാമ്യം നിഴലിക്കുന്നുട്.

 6. ponkunnamkaran

  അത്യധികം നിലവാരത്തകർച്ചയുള്ള ഒരു റിവ്യൂ…

 7. MANJU MANOJ.

  പ്രിയന്‍ എന്നും മലയാളികളെ പറ്റിക്കാമെന്നു കരുതരുത്……

  ഇതിലും എത്രയോ നല്ലവനു പണ്ഡിറ്റ്…….

  മോഷണമില്ല, തരികിടയില്ല,അടിച്ചുമാറ്റല്‍ ഇല്ല,…

  തറ യന്കിലും നിര്‍മ്മിതി സ്വയം…….

 8. Muhammad Rafi

  നിങ്ങള്‍ നിരൂപണം എഴുതിക്കോളൂ.. പക്ഷെ സിനിമയുടെ കഥ ഇവിടെ പറയരുത് പ്ലീസ്. ഞാന്‍ സിനിമ കണ്ടു., കാണാത്തവര്‍ക്ക് വേണ്ടി പറയുന്നതാണ്.
  ലോജിക്ക് ഇല്ലാത്ത സിനിമ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമ കാണാന്‍ പോയത്. എന്‍റെ ഒരു കൂട്ടുകാരന്‍റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ- “ലോജിക് ഉള്ള ബോറടിയെക്കാള്‍ നല്ലത് ലോജിക് ഇല്ലാത്ത കോമഡിയാണ്”. അതുകൊണ്ട് തന്നെ ഈ ചിത്രം എന്നെ ആവോളം രസിപ്പിച്ചിട്ടുണ്ട്. ഇത് എന്‍റെ അനുഭവമാണ്. എല്ലാം മറന്നു രസിക്കാനാണ് നിങ്ങളുടെ താല്പ്പര്യമെങ്കില്‍ ഈ ചിത്രം വയറു നിറയെ അത് നല്‍കുന്നുണ്ട്. “കാണുക രസിക്കുക” അത്രേ ഉള്ളൂ ഈ സിനിമ. രണ്ടര മണിക്കൂറില്‍ എന്നെ കുറെയേറെ ചിരിപ്പിച്ചു, രസിപ്പിച്ചു.. ചില സമയങ്ങളില്‍ ബോറടിപ്പിച്ചിട്ടുന്ടെങ്കിലും കുഴപ്പമില്ല- അത് എല്ലാ സിനിമകള്‍ക്കും അങ്ങനെ തന്നെയാണല്ലോ. സിനിമ കാണാത്തവരോട് ചില വാക്കുകള്‍:- ഉദാത്തമായ സാഹിത്യഭാവന, ഉദാത്തമായ ചലച്ചിത്രസങ്കല്‍പ്പം തുടങ്ങിയ തൂലികാ ജാടകള്‍ മാറ്റി നിര്‍ത്തി നമ്മുടെ ടെന്‍ഷന്‍ മറന്നു കുറച്ചു രസിക്കാം എന്ന മോഹത്തോടെ ഈ സിനിമ കാണാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്‍പ്പനേരം രസിക്കാം. നിരൂപണങ്ങള്‍ വായിച്ചു ഒരു സിനിമക്കും ആരും പോവരുത്. തീയേറ്ററിലെ ഇരുളില്‍ ഇരുന്ന് ചിരിച്ച് പുറത്തെ വെളിച്ചത്തില്‍ വന്ന് കൊള്ളില്ല എന്ന് പറയുന്നവരാണ് മിക്ക നിരൂപകരും . (നിരൂപകര്‍ എന്ന വാക്കുപയോഗിച്ചതില്‍ എം. എന്‍ വിജയന്‍ മാഷിനെ പോലെയുള്ളവര്‍ എനിക്ക് മാപ്പ് തരട്ടെ).

 9. sunil thomas

  Ith review ezhudiyaven ethu …… Aanelum venicile vyaparide review koodi 100% madyama anthasatha ulkondu kond ezhudan thayarakanum enik thankalodu onne chodikanullu jayante anaswara evergreen song mammooty remake cheyd act cheythadine kurich thangal enthu parayanu mammotyde fan aanennu karudi mattoralde filmine thazhthi kettunadalla madyamadarmum mind it . Thangal enthu thanne ezhudiyalum nalloru filmine parajayapeduthan aakilla i am nt saying arabi a super duper movie but still its better than venicile vyapari

 10. jayakumar js

  rafeekee .നീ ഈ സിനിമ കണ്ടിട്ടാണോ ,,, ഇത് എഴുതിയത് അതോ വെള്ളമടിചിട്ടാണോ?

 11. Prajosh

  ചന്ദ്രലേഖ, കാക്കകുയില്‍ എന്നാ സിനിമകളുടെ കഥ കോപ്പി ചെയ്ത് കാണിച്ചിരിക്കുന്നു.
  ചന്ദ്രലേഖ കോപ്പി ചെയ്ത് കാക്കകുയില്‍ ഉണ്ടാകി. കാക്കകുയില്‍ കോപ്പി ചെയ്ത് ഒരു മരുഭൂമി കഥ ഉണ്ടാകി .
  വെറുതെയല്ല സന്തോഷ്‌ പണ്ഡിറ്റ്‌നെ കാണാന്‍ ആളുകള്‍ പോയത്
  ഇതില് ബധം അതാണെന്ന് തോന്നി കാണും

 12. Prajosh

  ഞാന്‍ സിനിമ കണ്ടു ഒരു വ്യത്യാസവും ഇല്ല സെയിം ചന്ദ്രലേഖ & കാക്കകുയില്‍

 13. Stephen

  ഈ റിവ്യൂ വായിച്ച ശേഷം സിനിമ കാണാന്‍ പോയ ആളാണ് ഞാന്‍.
  അത്‌കൊണ്ട്തന്നെ പറയട്ടെ, ഈ റിവ്യൂവിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

 14. sandeep

  തിയേറ്ററില്‍ ആളുണ്ടോ ഇല്ലയോ എന്നുളത് നിരുപകന്റെ വിഷയം അല്ല, റിലീസ് ഷോ ക്കും ആളുകള്‍ കുറവായിരുന്നു എന്ന് പറയുന്നടത് മനസിലാവും നിരുപനതിന്റെ പോക്ക് എങ്ങോട്ടാണ് എന്ന്.
  റിലീസ് ദിവസം തിയേറ്ററില്‍ പോയി ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു കണ്ട ആളുകള്‍ ഇവിടെ ഉള്ളപ്പോള്‍ ഇതു പോലെ ഉള്ള പച്ച കള്ളം വിളംബാന്‍ ഉള്ള സ്ഥലം ആയി ഇവിടെ ഉപയോഗിക്കരുത്. നിരുപകനും വെബ്സിറെന്റെ contact ലിസ്റ്റില്‍ ഉള്ള മറ്റുള്ളവര്‍ക്കും കഴിഞ്ഞ വര്ഷം ഫോണില്‍ കിട്ടിയ തെറിയുടെ പക ഇനിയും തീര്നിട്ടില്ല എന്ന് തോന്നുന്നു. അതോ ഇപ്പോഴും കിട്ടുനുണ്ടോ തെറി. കുറെ മാസങ്ങള്‍ കഴിഞിട്ടും ഇപ്പോഴും contact ലിസ്റ്റില്‍ ആരുടെയും നമ്പര്‍ വച്ചിട്ടില്ല , അപ്പോള്‍ കൊള്ളാം.
  നിരുപകന്റെ ഇമെയില്‍ അഡ്രസ്‌ അയച്ചു തന്നാല്‍ റിലീസ് ദിവസം കണ്ണൂരില്‍ ഉണ്ടായ പോലീസ് ലാതിയടിയുടെ യും തിരക്കിന്റെയും ഫോട്ടോ അയച്ചു തരാം.
  ഫോണ്‍ നമ്പര്‍ തന്നാല്‍ (ധൈര്യം ഉണ്ടെങ്കില്‍ ) MMS അയച്ചു തരാം.

 15. LACHUSHEEBA

  ജനത്തെ പൊട്ടനാക്കാന്‍ ഇന്ഘനെ ഒരു സിനിമ എടുക്കണോ പ്രിയറെ സിനിമ ഇത്ര മോസമാകുമെന്നു പ്രതീഷിച്ചില്ല

 16. Vinod

  MASS ENTERTAINER
  കുറെ കാലത്തിനു ശേഷം തിയേറ്ററില്‍ ഇരുന്നു കൊണ്ട് ചിരിച്ചു മറിഞ്ഞ ദിവസം . ഫാമിലി പ്രേക്ഷകര്‍ ഏറ്റടുത് കഴിഞ്ഞു. പടം കളിക്കുന്ന തിയേറ്ററില്‍ പോയാല്‍ സ്ത്രീകളുടെ നീണ്ട നിര തന്നെ കാണാന്‍ പറ്റും.
  നിരുപനം വെറും വ്യക്തി വിരോധത്തിന്റെ പേരില്‍.

 17. Sabu John

  നിരൂപകന്‍ സത്യം പറഞ്ഞപ്പോള്‍ പലരും കൊഞ്ഞനം കുത്തുന്നു

 18. Hafis

  Thallippoli.. Karanj poyi padam kandappol..

 19. anoop

  കോപ്പിയടിവീരനും കുറെ വാലാട്ടികളും.. കാമം കരഞ്ഞു തീർക്കും എന്നു പറയുന്നതു പോലെ, ഇഷ്ടപ്പെടാത്തത് എഴുതിയതിനെ പ്രതിരോധിക്കാൻ ഫോണിൽ ചീത്ത വിളിച്ചതിന്റെ വീരവാദം എഴുതിയിരിക്കുന്നു..

 20. John

  പ്രിയധര്‍ശന്റെ കോമഡി സിനിമ കാണാന്‍ പോകുന്നവര്‍ ഒരിക്കലും അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കാണാന്‍ പോകുന്ന മൂഡില്‍ ആയിരിക്കില്ല പോകുന്നത്. പ്രിയധര്‍ശന്റെ പടത്തില്‍ ലോജിക് നോക്കിയിട്ടും കാര്യമില്ല. അങ്ങനെ ലോജിക് വേണം എന്ന് ചിന്തിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്നതയ്യിരികും നല്ലത്. പ്രിയധര്‍ശന്റെ സ്ഥിരം ശ്രേണിയ്യില്‍ പെട്ട ഒരു പടം, അത് കോപി അടി ആണോ അല്ലയോ എന്നതും പ്രേക്ഷകന്റെ വിഷയം അല്ല. ഒരു മൂന്നു മണിക്കൂര്‍ തിയേറ്ററില്‍ നിന്ന് കിട്ടുന്ന എന്ജോയ്മെന്റ്റ് അത് മാത്രമയിര്‍ക്കും പ്രേക്ഷന്റെ നോട്ടം, അത് കിട്ടിയോ എന്ന് മാത്രമാണ് അറിയേണ്ടത്.
  തീര്‍ച്ചയായും അത് ലഭിച്ചു എന്ന് തന്നെയാണ് സിനിമ കണ്ട എന്റെ അനുഭവം. അതിന്റെ തെളിവ് തന്നെ ആണ് കേരളത്തിലെ തീറെരുകളില്‍ കാണുന്നത്. ഒരു superstarsinte പടം കളക്ഷന്‍ നേടുമ്പോള്‍ എതിരാളികള്‍ക് ചൊറിച്ചല്‍ ഉണ്ടാവുന്നത് സ്വാഭാവികം ആണ്. അതിനെ അസുയ എന്ന് ഒന്നും ഞാന്‍ പറയില്ല, ഇത് quite natural human being ആണ്.
  തിയേറ്ററില്‍ കുട്ടികളും സ്ത്രീകളും യുവാക്കളും നന്നായി പടം ആസ്വദിക്കുന്നുണ്ട് , പല theaterukalum hosefull ബോര്‍ഡും ഉണ്ട്. അതില്‍ കുടുതല്‍ എന്ത് വേണം പ്രിയധര്‍ശന്റെ ഒരു കോമഡി പടത്തിനു.
  തിയേറ്ററില്‍ കുവലുണ്ടായി എന്നാ കാര്യം, അത് ഒരു സൂപ്പര്‍ starsinte പടത്തില്‍ ഉണ്ടാവുന്ന സ്ഥിരം പരിപാടി എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. കുഉവല്‍ ഉണ്ടായി എന്നത് കൊണ്ട് പടം മോശമാണ് എങ്കില്‍ തന്മാത്ര എന്നാ സിനിമ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മോശം സിനിമ ആയിരിക്കണം. റിലീസ് ദിവസം തന്മാത്ര കണ്ട ഒരാളാണ് ഞാന്‍ , അസഹനീയമായ കുഉവല്‍ ഉണ്ടായിരുന്നു ആ പടത്തിനു റിലീസ് ദിവസം. പക്ഷെ തന്മാത്ര മലയാളത്തില്‍ ഉണ്ടായ മികച്ച ഒരു സിനിമ ആണ് എന്ന് എല്ലാവരും സമ്മധിക്കുന്ന കാര്യം ആണ്.
  ഒരേ ദിവസം റിലീസ് ചെയ്ത വെനിസിലെ വ്യാപാരിയുടെ നിരുപനം ഇതുവരെ കണ്ടില്ല, നിരുപകാന് പടത്തിന്റെ തിരക്ക് കാരണം ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ടാണ് എങ്കില്‍ എത്രയും പെട്ടന്ന് വടകരയിലേക്ക് വരൂ, ഇവിടെ വെനിസിലെ വ്യാപാരിക്ക് ടിക്കറ്റ്‌ കൊടുക്കുന്ന ആള്‍ ഈച്ചയെ ആട്ടി ഇരിപ്പാണ്.

 21. Zakariya Salahuddin

  ഇന്നലെ ഞാന്‍ ഈ സിനിമ കണ്ടു. നന്നായി എന്ജോയ്‌ ചെയ്തു കാണാവുന്ന സിനിമയാണ് ഇതെന്ന് എന്‍റെ അനുഭവം. റിലീസിന്‍റെ അന്ന് പോയിരുന്നെങ്കിലും തിരക്ക് കാരണം ടിക്കറ്റ് കിട്ടിയില്ല. (ലീവ് കഴിഞ്ഞു തിരിച്ചു പോവേണ്ടത് കൊണ്ടാണ് റിലീസിന് തന്നെ പോയത്). ചിത്രം കാണാതെ നിരൂപണങ്ങള്‍ വായിച്ചു ഒന്നിനെയും വിലയിരുത്തരുത് എന്നാണ് എന്‍റെ അനുഭവം. ഞാന്‍ ഒരു നടന്‍റെയും ആരാധകനല്ല. എന്നിട്ടും ചിത്രത്തിലെ പല രംഗങ്ങളും എന്നെ രസിപ്പിച്ചു എങ്കില്‍ , ഉദാത്തകലാസൃഷ്ടി പ്രതീക്ഷിക്കാതെ വിനോദത്തിനു വേണ്ടി മാത്രം തീയേറ്ററില്‍ പോവുന്ന ശരാശരി മലയാളികള്‍ക്ക് ഈ സിനിമ ആവോളം രസിപ്പിക്കുന്നുണ്ട്. (ടോം ആന്‍റ് ജെറിയും, മിസ്ടര്‍ ബീനും കാണുമ്പോള്‍ നമ്മള്‍ ലോജിക് ആലോചിക്കാതെ ചിരിക്കുന്നുണ്ടെങ്കില്‍ പ്രിയദര്‍ശന്റെ സിനിമക്ക് ലോജിക് വേണം എന്ന് വാശിപിടിക്കുന്നത് വെറും വെറുപ്പ്‌ കൊണ്ടല്ലേ?)

 22. Prathiba the Great

  എന്തോന്ന് പടം! പടം കാണണമെങ്കില്‍ എങ്ങു അഫ്രികയില്‍ പോണം. അതല്ലേ ഒരു ഒന്നന്നര പടം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.