കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്നു. ഓര്‍ത്തഡോക്‌സ് യുവജനവിഭാഗമായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഏഴ് മുതല്‍ ഉപരോധം തുടങ്ങിയത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പെടുന്നയാളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഇടവകയായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികള്‍.

കോടതി വിധി നടപ്പാക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. അതിനിടെ, കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഇരുവിഭാഗങ്ങളെയും പൊലീസ് തടഞ്ഞു.

കോടതി വിധി നടപ്പാക്കുമെന്നും ജുഡീഷ്യറിയെ മാനിക്കുമെന്നും വാ തോരാതെ പറയുന്ന മുഖ്യമന്ത്രി കോലഞ്ചേരി പ്രശ്‌നത്തില്‍ പ്രതികരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോമാ നഗരം വെന്തെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ നിലപാടിനോട് താരതമ്യപ്പെടുത്താവുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് അവര്‍ ആരോപിച്ചു.

കോലഞ്ചേരിയില്‍ നിരാഹാരമനുഷ്ഠിക്കുന്ന ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവയുടെയും മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും ജീവന്‍വെച്ച് പന്താടുന്ന ഭരണാധികാരികള്‍ തീക്കളിയാണ് കളിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.