നബരംഗപൂര്‍: ഒറീസയിലെ നബരംഗപൂരില്‍ വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍കുട്ടികള്‍ ഗര്‍ഭധാരണത്തിന്റെ ലക്ഷണം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപികയാണ് വിഷയം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും അധ്യാപകര്‍ക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തി. പ്രധാനാധ്യാപകനടക്കം രണ്ട് അധ്യാപകരെയും ഒരു പാചകക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് സഹായിച്ചുവെന്നാണ് പാചകക്കാരനെതിരെയുള്ള കേസ്.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രത്യേക സ്‌കൂളാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.